യുകെയിൽ ഇന്നും വ്യാഴാഴ്ചയും ശനിയാഴ്ചയും ട്രെയിൻ സമരം. ഇടവിട്ട ദിവസങ്ങളിൽ നടക്കുന്ന മൂന്നു ദിവസത്തെ സമരം ഫലത്തിൽ ഒരാഴ്ച മുഴുവൻ യാത്രക്കാരെ വലയ്ക്കും. നാഷനൽ യൂണിയൻ ഓഫ് റെയിൽ, മാറിറ്റൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ് (ആർഎംടി) ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഭൂരിപക്ഷം ജീവനക്കാരും സമരത്തിന് ഇറങ്ങുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങിൽ പൊതുഗതാഗതം താളം തെറ്റും. ലണ്ടൻ നഗരത്തിന്റെ ജീവനാഡിയായ ലണ്ടൻ ട്യൂബ് സർവീസ് ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിഎൽആർ ഒഴികെയുള്ള എല്ലാ അണ്ടർഗ്രൌണ്ട് ഡ്യൂബ് സർവീസും സമരത്തിൽ നിലയ്ക്കും.
സമരംമൂലം ലണ്ടൻ ട്യൂബ് സർവീസ് പൂർണമായും നിലച്ചേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ചീഫ് ഓപ്പറേറ്റിംങ് ഓഫിസർ ആൻഡി ലോർഡ് മുന്നറിയിപ്പു നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുന്നതാണ് സമരദിവസങ്ങളിൽ നല്ലതെന്നാണ് മുന്നറിയിപ്പ്. ജീവനക്കാരുടെ വാക്കൗട്ട് 24 മണിക്കൂറിനുശേഷം പുനരാരംഭിക്കുമെങ്കിലും സർവീസുകൾ സാധാരണ നിലയിലേക്കു മടങ്ങാൻ വീണ്ടും 24 മണിക്കൂർ സമയമെടുക്കും. അപ്പോഴേക്കും സമരത്തിന്റെ രണ്ടാം ഘട്ടം എത്തും. ഇത്തരത്തിൽ വാരാന്ത്യംവരെ രാജ്യത്തെ ട്രെയിൻ സർവീസ് താറുമാറാകുമെന്ന് ചുരുക്കം.
കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സമരത്തിനാണ് ട്രെയിൻ ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. സമരത്തിന് ഉത്തരവാദികൾ സർക്കാരും മാനേജ്മെന്റുമാണെന്ന് യൂണിയനുകളും യൂണിയന്റെ ദുർവാശിയാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സും ആരോപിച്ചു. സർക്കാർ നേതൃത്വത്തിന്റെ പിടുപ്പുകേടാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നലെ അവസാനമായി നടന്ന ചർച്ചകളും ഫലം കാണാതെ വന്നതോടെയാണ് സമരത്തിന് തന്നെയെന്ന് ആർഎംടി യൂണിയൻ പ്രഖ്യാപിച്ചത്.
ലണ്ടൻ നഗരത്തിൽ ട്രെയിൻ സർവീസുകൾക്ക് പകരമായി അഡീഷനൽ ബസ് സർവീസുകൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ ഇതുകൊണ്ടാകില്ല.
ട്രെയിൽ സർവീസുകൾ നിലയ്ക്കുന്നതോടെ റോഡുകളിലും തിരക്കേറും. ദീർഘദുരയാത്രകൾ മുൻകരുതലോടെ നടത്തിയില്ലെങ്കിൽ മണിക്കൂറുകൾ മോട്ടോർവേകളിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടാകും. ഓഫിസുകളിലും മറ്റു ജോലിസ്ഥലങ്ങളിലും ഏത്തിപ്പെടാൻ ആളുകൾ വലയും.
റെയിൽവേ മേഖലയ്ക്ക് സർക്കാർ നൽകുന്ന സഹായം ഏതാണ്ട് നാല് ബില്യൻ പൗണ്ടുവരെ കുറച്ചതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കാനിടയായത്. സർക്കാർ സഹായം കുറഞ്ഞതോടെ കമ്പനികൾ ആനുകൂല്യങ്ങളിൽ വരുത്തിയ കുറവുകളും ചെലവുചുരുക്കൽ നടപടികളുമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ജീവിതച്ചെലവ് മുൻപെങ്ങുമില്ലാത്തവിധം വർധിച്ച സാഹചര്യത്തിൽ മാന്യമായ വേതനവർധന വേണമെന്ന ആവശ്യവും അതേപടി അംഗീകരിക്കപ്പെട്ടില്ല. ടിക്കറ്റ് ഓഫിസുകൾ പൂട്ടാനും നിർബന്ധമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമെല്ലാം ജീവനക്കാരുടെ സമരത്തിന് കാരണമായിട്ടുണ്ട്.
Leave a Reply