ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം തിരിച്ചു കൊണ്ടുവരുന്നത് ഉൾപ്പെടെ, ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികളുടെ ഒഴുക്ക് പുനരാരംഭിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ബ്രിട്ടീഷ് സർവകലാശാലകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ഡെർ ലെയനുമായുള്ള തൻ്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സർവകലാശാലകളുടെ ഈ ആവശ്യം. ബ്രിട്ടനിലുടനീളമുള്ള 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ), യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടീഷ് ബന്ധം പുനസ്ഥാപിക്കുന്നതിൽ വിദ്യാർത്ഥികൾ കേന്ദ്രബിന്ദുവാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യു കെയിലേക്കുള്ള യൂറോപ്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് നിലച്ചതിൽ തങ്ങൾക്ക് ഖേദമുണ്ടെന്ന് യുയുകെ ചീഫ് എക്സിക്യൂട്ടീവ് വിവിയെൻ സ്റ്റെർൻ പറഞ്ഞു. ബുധനാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പ്രതിരോധവും സുരക്ഷയും ഉൾപ്പെടെ വിവിധ വിഷയങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും, യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ വിപുലമായ പുനഃസജ്ജീകരണത്തിൻ്റെ ഭാഗമായി സാധ്യമായ ഒരു കരാറും അനുവദിക്കുന്ന തരത്തിലാണ് മീറ്റിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇ യു വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത ആറുമാസകാലത്തേയ്ക്ക് ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനും, ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അടുത്ത വസന്തകാലത്ത് നടക്കുന്ന ഇ യു -യു കെ ഉച്ചകോടിയിലൂടെ കണ്ടെത്തുന്നതിനുമാണ് നിലവിലെ ഇരു പക്ഷത്തിന്റെയും പ്രയത്നങ്ങൾ . 30 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് പരിമിതമായ വർഷത്തേക്ക് വിദേശത്ത് പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിക്കുന്ന യൂത്ത് മൊബിലിറ്റി സ്കീം പുനസ്ഥാപിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ബ്രിട്ടീഷ് തീരുമാനം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം തന്നെ ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനെ കുറിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ പ്രതിവർഷം 15,000 ത്തോളം ബ്രിട്ടീഷ് വിദ്യാർത്ഥികളാണ് ബ്രെക്‌സിറ്റിന് മുമ്പ് ഇയു സർവകലാശാലകളിൽ പഠനം പൂർത്തീകരിച്ചിരുന്നത്. ബുധനാഴ്ച നടക്കുന്ന ചർച്ചയിലൂടെ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഇരു പക്ഷവും.