ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും നിരവധി വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളും സ്വർണ്ണാഭരണങ്ങളും മറ്റും കാണാതായതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ പുറത്താക്കി. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തിവരികയാണ്. യുകെയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മ്യൂസിയം. കാണാതായവയിൽ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും വിലയേറിയ കല്ലുകളും മറ്റും ഉൾപ്പെടുന്നതായി മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാണാതായവയിൽ ഭൂരിഭാഗവും മ്യൂസിയത്തിലെ സ്റ്റോർ റൂമിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. കാണാതായവ എത്രയും വേഗം തിരികെ എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്ന് മ്യൂസിയം ഡയറക്ടർ ഹാർട്ട് വിഗ് ഫിഷർ അറിയിച്ചു.

ഇത് വളരെ അസാധാരണമായ ഒരു സംഭവമാണെന്നും, തങ്ങളുടെ സംരക്ഷണത്തിലുള്ള എല്ലാ വസ്തുക്കളുടെയും സംരക്ഷണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയെന്നും, നഷ്ടപ്പെട്ടവയെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കിയ ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസിന്റെ ഇക്കണോമിക് ക്രൈം കമാൻഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മ്യൂസിയത്തിലെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് മ്യൂസിയം അധികൃതരും സ്വതന്ത്ര അന്വേഷണങ്ങൾ നടത്തിവരികയാണ്. ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഉൾപ്പെടുന്നവയാണ് നഷ്ടപ്പെട്ട വസ്തുക്കൾ. ഇവയൊന്നും തന്നെ അടുത്തിടെ പ്രദർശനത്തിനായി അനുവദിച്ചിരുന്നില്ല. പ്രാഥമികമായി ഇവയൊക്കെയും അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നവയാണെന്നും മ്യൂസിയം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വരുമെന്ന പ്രതീക്ഷയിലാണ് മ്യൂസിയം അധികൃതർ. മ്യൂസിയത്തിൽ കൂടുതൽ ശക്തമായ സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.