ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്നത് ലോകമെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. എന്നാൽ പാർശ്വഫലങ്ങളിൽ പതറാതെ മറ്റുള്ളവരോട് പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ടുവരാൻ പ്രേരിപ്പിക്കുകയാണ് കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ നിന്നുള്ള മുഹമ്മദ് ചൗധരി. 34 കാരനായ ഇദ്ദേഹത്തിന് തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ 13 ദിവസത്തിനുശേഷം പേശീവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വൈദ്യസഹായം തേടിയത്. ദീർഘദൂരം ഓടാൻ തത്പരനായ മുഹമ്മദ് വേദന അതിൻെറ ഫലമാണെന്നാണ് കരുതിയിരുന്നത്. മുഹമ്മദും ഭാര്യ ആലിയയും ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും 5 കിലോമീറ്ററോളം ഓടാറുണ്ടായിരുന്നു.
ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദിന് അടുത്ത ആറുമാസത്തേയ്ക്ക് എങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കേണ്ടതായി വരും. പക്ഷേ മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടാൻ ആളുകൾ വാക്സിൻ എടുക്കണമെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത് എന്ന് മുഹമ്മദ് പറഞ്ഞു. വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മുഹമ്മദിന് രണ്ടാമത്തെ വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ല. രക്തം കട്ടപിടിക്കുന്ന പാർശ്വഫലം അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് കാണുന്നതെന്നും അതിൻെറ ലക്ഷണങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് അവബോധം നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞു
Leave a Reply