ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ നിയമങ്ങൾ കാരണം വിദേശത്ത് കുടുങ്ങേണ്ടി വരുമോ എന്ന ആശങ്കയിൽ ബ്രിട്ടീഷ് യുവതി. സ്പെയിനിൽ കഴിയുന്ന 26 കാരിയായ നതാഷ കൊക്രെയ്ൻ ഡി ലാ റോസയാണ് പുതിയ നിയമത്തെ കുറിച്ച് അറിയാതെ ലണ്ടനിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്തിൽ കയറാൻ അനുവദിക്കാത്ത അനുഭവം പങ്കുവെച്ചത്. ബ്രിട്ടനിൽ ജനിച്ചെങ്കിലും മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ അവർക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നില്ല. ബ്രെക്സിറ്റിന് മുൻപ് സ്പാനിഷ് പാസ്‌പോർട്ടുമായി സ്വതന്ത്രമായി യാത്ര ചെയ്തിരുന്ന അവർക്ക് പുതിയ നിയമം വലിയ തിരിച്ചടിയായി.

ഫെബ്രുവരി 26 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, ഇരട്ട പൗരത്വമുള്ളവർക്ക് ബ്രിട്ടനിലേക്ക് യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ബ്രിട്ടീഷ് പാസ്‌പോർട്ട് അല്ലെങ്കിൽ “റൈറ്റ് ഓഫ് അബോഡ്” സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ നിയമത്തെ കുറിച്ച് അറിയാതെയായിരുന്നു നതാഷ യാത്ര ചെയ്തതെന്നും, ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ മടങ്ങിയെത്തുമ്പോൾ ഈസി ജെറ്റ് ജീവനക്കാർ രേഖകൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പുതിയ ചട്ടത്തെക്കുറിച്ച് അറിയുന്നത്. ബ്രിട്ടീഷ് ജനന സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നിട്ടും യാത്ര അനുവദിക്കാത്തത് വലിയ ഞെട്ടലായിരുന്നുവെന്ന് അവർ പറഞ്ഞു.
അതേസമയം, ബ്രിട്ടീഷ് എംബസിയും അടിയന്തിര യാത്രാ രേഖ നൽകാൻ തയ്യാറായില്ല. നിരവധി ഇരട്ട പൗരത്വക്കാരാണ് ഇതേ പ്രശ്നത്തിൽ പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിലർക്ക് കുടുംബ ചടങ്ങുകൾ പോലും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. എന്നാൽ നിയമം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും പ്രത്യേക ഇളവ് അനുവദിക്കില്ലെന്നുമാണ് ഹോം ഓഫീസ് നിലപാട്. എന്നാൽ പുതിയ നിയമത്തിലെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവും ശക്തമാകുന്നുണ്ട് .











Leave a Reply