ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രൈൻ :- ഖാർഖിവിൽ ഉക്രൈൻ സൈന്യത്തിനു മുമ്പിൽ റഷ്യൻ സൈന്യം കീഴടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈൻ തലസ്ഥാനമായ കൈവിലെ മിലിറ്ററി ഇന്റലിജൻസാണ് നിരവധി മോസ്കോ സൈനികർ തങ്ങളുടെ ആയുധങ്ങൾ വച്ച് കീഴടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി റഷ്യൻ സൈനികരെ ഉക്രൈൻ സൈന്യം പിടികൂടിയതായും ഇവരെ പാർപ്പിക്കാനുള്ള സ്ഥലസൗകര്യങ്ങൾ തികയാതെ വരികയാണെന്നും ഉക്രൈൻ പ്രസിഡന്റിന്റെ പ്രമുഖ ഉപദേശകനായിരിക്കുന്ന ഒലെക്സി അറസ്റ്റോവിച്ച് വ്യക്തമാക്കി. ഇതിൽ തന്നെ നിരവധി പേർ റഷ്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് മിലിറ്ററി ഇന്റലിജൻസ് വക്താവ് ആൻഡ്രേ യുസോവും വ്യക്തമാക്കി. ഇതോടൊപ്പം തന്നെ തെക്കൻ ഖേർസോൻ പ്രവിശ്യയിൽ ഉക്രൈൻ സൈന്യത്തോട് പൊരുതിനിന്നിരുന്ന റഷ്യൻ സൈന്യവും ആയുധങ്ങളും മറ്റും തീർന്നതിനെ തുടർന്ന് കീഴടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും തെക്കൻ ഭാഗങ്ങളിലും എല്ലാം തന്നെ ഉക്രൈൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത വോവ്ചാൻസ്ക് നഗരത്തിൽ കഴിഞ്ഞദിവസം സൈന്യം ഉക്രൈൻ പതാക ഉയർത്തിയതും വാർത്തയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ റഷ്യൻ അധീനതയിലുള്ള കൂടുതൽ സ്ഥലങ്ങൾ ഉക്രൈൻ സൈന്യം പിടിച്ചെടുത്തതായും അതിനാൽ തന്നെ കൂടുതൽ ആയുധങ്ങൾ നൽകി പടിഞ്ഞാറൻ രാജ്യങ്ങൾ സഹായിക്കണമെന്നും ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ ഭീകരത അവസാനിപ്പിക്കുവാൻ പടിഞ്ഞാറൻ രാജ്യങ്ങളും ഉക്രൈനും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധപ്രവിശ്യകളിൽ കേൾക്കുന്ന പരാജയത്തിന് പകരമായി സാധാരണ ജനങ്ങൾക്ക് മേൽ റഷ്യ നടത്തുന്ന ആക്രമണത്തെ ചെറുത്തുനിൽക്കുവാൻ ആവശ്യമായ സഹായങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Leave a Reply