ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം യാത്രക്കാരെ ഏറ്റവും കൂടുതൽ വലച്ചതിൽ ഒന്നാമതായി ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകളുടെ അടിസ്ഥാനത്തിലാണ് യുകെയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ നിന്നും 2023-ൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ ശരാശരി 27 മിനിറ്റ് വരെ വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടതെന്ന് കണ്ടെത്തിയത് .


കഴിഞ്ഞവർഷം യൂറോപ്പിൽ ഉടനീളം ഉണ്ടായിരുന്ന ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് ഗാറ്റ്‌വിക്കിനെ സാരമായി ബാധിച്ചിരുന്നു. സമയം പാലിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ എയർപോർട്ട് അധികൃതർ പറഞ്ഞു.

ശരാശരി 23 മിനിറ്റ് കാലതാമസത്തോടെ കഴിഞ്ഞ വർഷം കൃത്യനിഷ്ഠ പാലിക്കാത്ത രണ്ടാമത്തെ എയർപോർട്ട് ലൂട്ടണിലെയാണ്. സന്ദർഭങ്ങൾ ഒന്നും തന്നെ വ്യക്തമാക്കാത്ത ഇത്തരത്തിലുള്ള കാലതാമസത്തിന്റെ കണക്കുകൾ സഹായകരമല്ല എന്ന് എയർപോർട്ട് അധികൃതർ പ്രതികരിച്ചു. മിക്ക കാലതാമസങ്ങൾക്കും കാരണം തങ്ങളുടെ നിയന്ത്രണാതീതമായ ഘടകങ്ങൾ ആണെന്നും അതിൽ എയർപോർട്ട് ജീവനക്കാർക്ക് സഹായിക്കാൻ സാധിക്കുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. ശരാശരി 22 മിനിറ്റ് വൈകിയ മാഞ്ചസ്റ്റർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അതേസമയം ബെൽഫാസ്റ്റ് സിറ്റിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എയർപോർട്ടുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഷെഡ്യൂൾഡ് ടൈമിൽ നിന്നും പന്ത്രണ്ടര മിനിറ്റ് ആണ് ഫ്ലൈറ്റുകൾ ഇവിടെ വൈകിയിട്ടുള്ളത്. രണ്ടാം സ്ഥാനം ലിവർപൂൾ ജോൺ ലെനൻ എയർപോർട്ടിനാണ്.