ഡോ. ഐഷ വി

ചേന മിക്കവാറും എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചൊറിയൻ ചേനയായാലോ? സാധാരണ ചേന തൊട്ടവർക്കറിയാം അതിന്റെ ചൊറി. അപ്പോൾ പിന്നെ ചൊറിയൻ ചേനമൂലമുണ്ടാകുന്ന ചൊറിച്ചിലിനെ പറ്റി പറയേണ്ടല്ലോ? ഞങ്ങൾ കാസഗോഡുനിന്നും ചിരവാതോട്ടത്ത് എത്തുന്നതിന് വളരെ മുമ്പ് നടന്ന സംഭവമാണ്. ചിരവത്തോട്ടത്തെ വീട്ടിൽ ധാരാളം സാധാരണ കാണുന്ന നമ്മൾ ഭക്ഷ്യാവാശ്യത്തിന് ഉപയോഗിക്കുന്ന ചേനകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ കൂവളത്തിന് കിഴക്ക് ഭാഗത്തായി സാധാരണ ചേനയെ അപേക്ഷിച്ച് വളരെ ഉയരം കൂടിയ ചേനകൾ നിന്നിരുന്നു. മറ്റു ചേനകൾ ഭക്ഷണാവശ്യത്തിന് എടുക്കുമ്പോൾ ഈ ചേനകൾ മാത്രം വെട്ടിയെടുത്തിരുന്നില്ല. ഇത് ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു വൈകുന്നേരം അപ്പി മാമൻ( രവീന്ദ്രൻ) ഞങ്ങൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുതരാനായി ഇരുന്നപ്പോൾ ഞങ്ങൾ ഇക്കാര്യം ചോദിച്ചു. ഈ ചേന സാധാരണ ചേനയെ അപേക്ഷിച്ച് ചൊറി കൂടിയ ഇനമാണെന്നും ഔഷധഗുണം കൂടുതൽ ഉണ്ടെന്നും അർശസ് പോലുള്ള അസുഖങ്ങൾ മാറാനായി ഈ ചേന ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു തന്നു.

ഔഷധാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ചൊറിയൻ ചേനയെ തൈരിലോ മോരിലോ സംസ്കരിച്ചാണ് ഉപയോഗിക്കുകയെന്നും അപ്പി മാമൻ പറഞ്ഞു തന്നു . പിന്നെ അപ്പി മാമൻ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചേന മോഷണത്തിന്റെ കഥ പറഞ്ഞു. ഒരു രാത്രി ഒരാൾ വന്ന് അവിടത്തെ ചൊറിയൻ ചേന ഒരെണ്ണം മോഷ്ടിച്ചുവത്രേ. മോഷണ മുതൽ പിന്നീട് ആ നാട്ടിലെ തന്നെ ഒരു വീട്ടിൽ കൊണ്ടുപോയി വിറ്റു. ചേന അരിഞ്ഞവർക്കും വച്ചവർക്കും തിന്നവർക്കും ചൊറിയോട് ചൊറി. ചേന തിന്ന വായും തൊണ്ടയുമെല്ലാം ചൊറിഞ്ഞു. ചൊറിയ്ക്ക് യാതൊരു ശമനവുമില്ലാതായപ്പോൾ അവർ ചിരവാതോട്ടത്ത് വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. കഴിച്ച ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ചേനയാണ് പണി പറ്റിച്ചതെന്ന് മനസ്സിലായി. അവർക്ക് പ്രതിവിധി നൽകി പറഞ്ഞയച്ചു.

ഞങ്ങൾ എത്ര ചോദിച്ചിട്ടും ആരാണ് മോഷ്ടിച്ചതെന്നോ എവിടെയാണ് വിറ്റ തെന്നോ അപ്പി മാമൻ ഞങ്ങളോട് പറഞ്ഞില്ല. മോഷ്ടിച്ചയാളുടെ വീട്ടിലെ ദാരിദ്ര്യം കൊണ്ടും ഈ ചേനയെ കുറിച്ച് അറിയാത്തതു കൊണ്ടും പറ്റിയ അബദ്ധമാവാം എന്നു മാത്രം പറഞ്ഞു. ഞങ്ങളിലെ ഡിക്ടറ്റീവുകൾ തലപ്പൊക്കി. ചൊറിയൻ ചേനയുടെ കാര്യം ഞങ്ങൾ അന്വേഷണം തുടർന്നു. 24 മണിക്കൂറിനകം ഞങ്ങൾ ചേനയെടുത്തയാളെയും കൊടുത്ത വീടിനെയും കണ്ടുപിടിച്ചു. പക്ഷേ അതാരെന്ന് പറയാതിരുന്ന അപ്പി മാമനാണ് വല്യ ശരിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്