ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ ഈ ആഴ്ച ചൈനയിലെ ബീജിംഗിലേക്ക് വ്യാപാര ചർച്ചകൾക്കായി പോകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ വളർത്താൻ ചൈനയുമായുള്ള വ്യാപാരബന്ധം പുതുക്കാനുള്ള കെയർ സ്റ്റാർമർ സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാബിനറ്റ് പുനഃസംഘടനയിൽ നേരത്തെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറിയിരുന്ന കൈൽ മുൻ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹം ആദ്യം അമേരിക്കയിലെത്തി ഡൊണൾഡ് ട്രംപിന്റെ യുകെ സ്റ്റേറ്റ് സന്ദർശനത്തിന് മുന്നോടിയായി “ടെക് പങ്കാളിത്തവും കസ്റ്റംസ് ഇടപാടുകളും” ചർച്ച ചെയ്യുകയും തുടർന്ന് ചൈനീസ് കൊമേഴ്‌സ് മന്ത്രി വാങ് വെൻതാവോയുമായി യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ (ജെറ്റ്കോ) യോഗത്തിൽ പങ്കെടുക്കും.
അമേരിക്കൻ സന്ദർശനത്തിൽ, കൈൽ വൈറ്റ് ഹൗസിലെ AI ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണനും സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസിനെയും കാണും. AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ കൂടാതെ അലാസ്ക എയർലൈൻസ് സി.ഇ.ഒ ബെനിറ്റോ മിനിക്കൂച്ചി, എയർബസ് സി.ഇ.ഒ ഗില്ലം ഫൗറി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും. ഇതിന് പിന്നാലെ ആണ് അദ്ദേഹം നേരിട്ട് ബീജിംഗിലേക്ക് പോകുന്നത് . ലേബർ അധികാരത്തിൽ വന്നതിന് ശേഷം ചാൻസലർ റേച്ചൽ റീവ്സ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി എന്നിവർ ചൈന സന്ദർശിച്ചിരുന്നു. സ്റ്റാർമർ സർക്കാർ ചൈനയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകും. അതേസമയം, ഇത് അമേരിക്കയ്ക്കുള്ള അപ്രത്യക്ഷമായ മുന്നറിയിപ്പായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങൾക്കെതിരെ ചൈന സ്വീകരിച്ച നടപടികൾ കാരണം 2019-ൽ ബോറിസ് ജോൺസൺ *ജെറ്റ്കോ* നിർത്തിവെച്ചിരുന്നു. തുടർന്ന് കോവിഡ് കാലത്തും ഇരു രാജ്യങ്ങളുമായുള്ള സംഭാഷണങ്ങൾ തടസ്സപ്പെട്ടിരുന്നു .
യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ പോലുള്ള ഉയർന്ന തലത്തിലുള്ള ചർച്ചകൾ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ അനിവാര്യമാണെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടീഷ്-ചൈനീസ് ബന്ധങ്ങളിൽ സ്ഥിരമായ പുരോഗതി കാണാമെന്ന് ചൈന-ബ്രിട്ടൻ ബിസിനസ് കൗൺസിലിലെ ടോം സിംപ്സൺ അഭിപ്രായപ്പെട്ടു. നിലവിൽ ചൈന യുകെയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയാണ് (£41 ബില്യൺ മൂല്യമുള്ളത്). കായിക രംഗത്ത് ബ്രിട്ടീഷ് ഫുട്ബോൾ, മോട്ടോർ റേസിംഗ്, സ്നൂക്കർ തുടങ്ങിയവയ്ക്കുള്ള ചൈനീസ് താൽപര്യം വർധിച്ചുവരികയാണ്. വിദ്യാഭ്യാസ രംഗത്തും ബ്രിട്ടീഷ് സ്കൂളുകൾ ചൈനയിൽ തുറക്കുന്നതുപോലെ, ചൈനീസ് ഉടമസ്ഥതയിലുള്ള സ്കൂളുകളും യുകെയിൽ കൂടി വരുകയാണ് .
Leave a Reply