സ്വന്തം ലേഖകൻ

യുകെ :- കൊറോണ ബാധിച്ച് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. ഇപ്പോഴും പല രാജ്യങ്ങളിലും രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മുഴുവൻ മരണനിരക്കിന്റെ, പകുതിയോളം യു എസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ കണക്കിൽ രേഖപ്പെടുത്തുന്നു. എന്നാൽ ഈ കണക്കുകളിലും അധികമാണ് യഥാർത്ഥ മരണങ്ങൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്ന് യു എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നും രോഗം ആരംഭിച്ച 10 മാസത്തിനു ശേഷമുള്ള ഈ മരണനിരക്ക് ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്.

ഇപ്പോൾതന്നെ രോഗബാധ ഏകദേശം 188 ഓളം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ഏകദേശം 32 മില്യനോളം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലരാജ്യങ്ങളും ലോക്ക് ഡൗൺ ഏർപ്പെടുത്തിയെങ്കിലും, ഇത് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടൊപ്പം തന്നെ രോഗബാധയ്ക്ക് തടയിടുന്നതിനായി വാക്സിൻ പരീക്ഷണം ലോകത്തിലെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. യു എസിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു വരെ 205, 000 പേർ കൊറോണ ബാധ മൂലം യു എസിൽ മരിച്ചു. ബ്രസീലിൽ 141, 700 പേരും, ഇന്ത്യയിൽ 95, 500 പേരുമാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

യു എസിൽ ഇതു വരെ 7 മില്യനോളം കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഒരു ദിവസം 90000 കേസുകളാണ് രേഖപ്പെടുത്തുന്നത്. വാക്സിൻ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങൾക്കാണ് വിജയ സാധ്യത കാണുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ ബാധമൂലം നേരിടുന്ന പ്രതിസന്ധികൾ അനേകമാണ്.