ന്യൂയോര്‍ക്ക്: ഇറാന്‍ ആണവ പദ്ധതികളില്‍ നിന്ന് പിന്‍മാറിയതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ലോകം സുരക്ഷിതമായിരിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ലോകരാഷ്ട്രങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുളള ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും സഭ ശുപാര്‍ശ ചെയ്തു. ഐഎഇഎയുടെ നിര്‍ദേശങ്ങള്‍ ഇറാന്‍ പാലിച്ചതിനാല്‍ ഉടന്‍ തന്നെ വാണിജ്യ ഉപരോധങ്ങള്‍ പിന്‍വലിക്കാനുളള നടപടികള്‍ കൈക്കൊളളുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ആണവായുദ്ധ നിര്‍മാണം നടത്തുന്നു എന്ന കാലങ്ങളായി കേട്ട് കൊണ്ടിരുന്ന പഴിയാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നത്.
തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ടെഹ്‌റാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലോകരാജ്യങ്ങള്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇറാനും ആറ് രാജ്യങ്ങളുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ ആണവായുധ കരാറിന്റെ അടിസ്ഥാനത്തില്‍ ആണവായുധ നിര്‍മാണത്തില്‍ നിന്ന് പിന്തിരിയാന്‍ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര സമൂഹത്തിന് ഇതൊരു സുപ്രധാന ദിനമെന്നാണ് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ പ്രതികരിച്ചത്.
ഇറാനൊരിക്കലും ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്നായിരുന്നു കരുതിയതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് അഭിപ്രായപ്പെട്ടു. ബ്രിട്ടനാണ് ഈ കരാറിന് വേണ്ടി മുഖ്യ പങ്ക് വഹിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട ക്ഷമയോടെയുളള ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ ബുദ്ധിമുട്ടുളള ഒരു ജോലിയാണ് ഇപ്പോള്‍ ഫലവത്തായിരിക്കുന്നത്. പലരും ഇറാന്‍ ആണവ പരിപാടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറച്ച് വിശ്വസിച്ചപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഐഎഇഎയ്ക്കായി.
ഇറാനില്‍ നിന്ന് ടണ്‍ കണക്കിന് യുറേനിയം കയറ്റുമതി ചെയ്ത് കഴിഞ്ഞു. അറാക് റിയാക്ടറില്‍ നിന്നുളള സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍ പോലും നീക്കം ചെയ്ത് കഴിഞ്ഞു. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയില്‍ നിന്ന് പിന്തിരിയുകയാണ്. ഇതോടെ ആഗോള സമൂഹം ഏര്‍പ്പെടുത്തിയിട്ടുളള ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടും. ഇത് ഇറാന് സാമ്പത്തികമായി ഏറെ നേട്ടമാകും. ഇതോടെ ഇറാന് ലോകവ്യാപകമായി എണ്ണ വ്യാപാരം നടത്താനും കഴിയും. രാജ്യത്തെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളും ഇതോടെ വീണ്ടെടുക്കാനാകും.
ഉപരോധങ്ങള്‍ പിന്‍വലിച്ചതിനു തൊട്ടു പിന്നാലെ ഇറാന്‍ തടവിലാക്കിയിട്ടുളള അഞ്ച് അമേരിക്കക്കാരെ ഇറാന്‍ മോചിപ്പിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റിലെ കറസ്‌പോണ്ടന്റ് ജയിസണ്‍ റെസിയാന്‍ ഉള്‍പ്പെടെയുളളവരെയാണ് മോചിപ്പിച്ചത്. ഇതിന് പകരമായി അമേരിക്കയില്‍ തടവിലാക്കിയിട്ടുളള ഏഴ് ഇറാന്‍കാരെയും മോചിപ്പിക്കും.