“നിങ്ങളുടെ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത്. കാലാവസ്ഥ വ്യതിയാനത്തെ ഞാൻ പേടിക്കുന്നത് പോലെ നിങ്ങളും പേടിക്കണം. എന്നിട്ട് എന്തെങ്കിലും ചെയ്യണം…” ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന ഗ്രെറ്റ ഇർമാൻ തൻബെർഗ് എന്ന പതിനാറുകാരിയുടെ വാക്കുകളാണിത്. യുഎസിലെയും ചിലിയിലെയും യുഎൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി അവളിപ്പോള്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്.

യുകെയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ റേസിംഗ് ബോട്ടായ മാലിസിയ II –ലായിരുന്നു യാത്ര. വിമാനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലാണ് അവള്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കാന്‍ തീരുമാനിച്ചത്.

തൻബെർഗിനെ സ്വാഗതം ചെയ്യാനായി നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ എന്നവള്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചു. ‘ഇതുപറയാനായി അറ്റ്ലാന്റിക് സമുദ്രം താണ്ടി ഇവിവിടെവരെ വരാന്‍മാത്രം ഭ്രാന്തിയാണോ ഞാന്‍ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ, മനുഷ്യരാശി ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ആഗോള പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുക. ഒരു നിമിഷംപോലും അമാന്തിക്കരുത്. അല്ലെങ്കില്‍ നമുക്കിനിയൊരു അവസരംകൂടെ ലഭിച്ചേക്കില്ല’- അവള്‍ പറയുന്നു.

കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. ട്രംപിനോട് എന്തെങ്കിലും പറയാനുണ്ടോയെന്നു പത്രക്കാര്‍ ചോദിച്ചപ്പോള്‍, ‘ഉണ്ട്, അദ്ദേഹത്തോട് ശാസ്ത്രത്തെ ശ്രദ്ധിക്കാന്‍ പറയണം എന്നുണ്ട്. പക്ഷെ, എനിക്കറിയാം അദ്ദേഹത്തിന് അതിന് കഴിയില്ല. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അടിയന്തിരാവസ്ഥയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങിനെ സാധിക്കും’ എന്നാണ് ഗ്രെറ്റ പറഞ്ഞത്.

2008 ആഗസ്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ‘ഫ്രൈഡേ സ്കൂള്‍ പ്രൊട്ടെസ്റ്റ്’ എന്ന പേരില്‍ ഗ്രെറ്റ തൻബെർഗ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. മഞ്ഞും മഴയും വെയിലും വകവെക്കാതെ ഓരോ വെള്ളിയാഴ്ചയും പ്ലക്കാര്‍ഡുമായി അവള്‍ പാർലമെന്റ്‌ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരും കൂട്ടിനില്ലായിരുന്നു. സര്‍ക്കാരോ പോലീസോ സ്കൂള്‍ അധികൃതരോ, എന്തിന് അവളുടെ സഹപാഠികള്‍പോലും തിരിഞ്ഞു നോക്കിയില്ല. എന്നിട്ടും സമരത്തില്‍ ഉറച്ചുനിന്നു.

‘ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം?’ എന്ന് ഉറക്കെ ചോദിച്ചു. കുറേക്കാലമൊന്നും ആ സമരം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ക്രമേണ ഗ്രെറ്റയുടെ ഈ സമരം ലോകം ഏറ്റെടുത്തു. ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരിൽ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു. ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകള്‍ ബഹിഷ്കരിച്ചു ഭാവിക്കുവേണ്ടി, ഭൂമിക്കു വേണ്ടി, പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഈ വിഷയത്തില്‍ ഭരണകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന ഉദാസീനമായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. പറ്റാവുന്ന ഇടങ്ങളിലൊക്കെ ഗ്രേറ്റയും എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഊര്‍ജ്ജം നല്‍കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ലണ്ടനിലും സ്റ്റോക്ക്ഹോമിലും ബ്രസ്സൽസിലും ഹെൽസിങ്കിയിലുമൊക്കെ സംഘടിപ്പിച്ച വന്‍ റാലികളില്‍ ഈ വിഷയത്തെ അധികരിച്ച് ഗ്രെറ്റ സംസാരിച്ചു. അവയെല്ലാം വളരെപെട്ടന്നുതന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍വേണ്ടി ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ് ഗ്രെറ്റ. അറ്റ്ലാന്റിക്കിലെ ചുഴലിക്കാറ്റ് സീസണായ ഓഗസ്റ്റ് മാസത്തില്‍ അതുവഴി ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിട്ടും അവളതിന് തയ്യാറായത് കാര്‍ബണ്‍ പുറംതള്ളലുമായും ഒരുനിലക്കും സമരസപ്പെടാന്‍ കഴിയില്ല എന്നതുകൊണ്ടു മാത്രമാണ്.

‘No one is too small to make a difference…’ കിട്ടുന്ന വേദികളിലൊക്കെ അവളീ വാക്കുകള്‍ ആവര്‍ത്തിച്ചു പറയും. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ ഓരോരുത്തരും അവർക്കാവുന്ന വിധം പ്രവർത്തിക്കുക എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ജീവിതംകൊണ്ട് കാണിച്ചു കൊടുക്കും. സംഭവബഹുലമായ ഒരു കുഞ്ഞുജീവിതം കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ നമ്മുടെ ഏത്രയെത്ര വെള്ളിയാഴ്ചകളിലേക്കാണ് വെളിച്ചം വീശുന്നത്.