ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിൽ നിന്ന് ‘വെളുത്ത മധ്യവയസ്കരായ’ സെലിബ്രിറ്റികളെ ഒഴിവാക്കണമെന്ന മാനേജരുടെ ആവശ്യത്തെ എതിർത്തതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട വിദ്യാർത്ഥി യൂണിയൻ ജീവനക്കാരൻ എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിജയിച്ചു. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂണിയനിലെ സീനിയർ മാനേജരായിരുന്ന എല്ലെൻ റഡ് ജാണ് പുതിയ ഹബ്ബായ പെർസി ഗീ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി അതിഥികളുടെ പേരുകൾ മുന്നോട്ടുവയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ഈമെയിൽ അയച്ചത്. “വൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ” ശ്രമിക്കുന്നതിനാൽ ഉദ്ഘാടനത്തിനായി മറ്റൊരു ‘വെള്ളക്കാരനായ മധ്യവയസ്കനെ’ ആവശ്യമില്ലെന്ന് മാർക്കറ്റിംഗ് മാനേജരുടെ ഈമെയിലിൽ പറഞ്ഞിരുന്നു. എന്നാൽ, എച്ച്ആർ പ്രവർത്തകനായ റിക്കാർഡോ ഷാംപെയ്നാണ് ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള മാനേജരുടെ പ്രവർത്തി കുറ്റകരവും അപകീർത്തികരവുമാണെന്ന്ചൂണ്ടിക്കാട്ടിയത്.
ഷാംപെയ്നിൻെറ ഇത്തരത്തിലുള്ള പ്രതികരണത്തെക്കുറിച്ച് മാർക്കറ്റിംഗ് മാനേജരായ റഡ്‌ജ് തൻെറ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടതിനെത്തുടർന്ന് ഷാംപെയ്നെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിവേചനത്തെ ചൂണ്ടിക്കാട്ടിയതിനാണ് വിദ്യാർത്ഥി യൂണിയൻ തന്നെ ഇരയാക്കിയതെന്ന് 6 വയസ്സുള്ള കുട്ടിയുടെ പിതാവായ അദ്ദേഹം ആരോപിച്ചു. നോട്ടിംഗ്ഹാമിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിൽ ജഡ്ജി ഷാംപെയിൻെറ വാദം ന്യായമാണെന്നും റഡ്‌ജിൻെറ ഇമെയിൽ വിവേചനപരമാണെന്നും വിധിച്ചു.
ഈമെയിലിൽ സെപ്റ്റംബറിലുള്ള സർവകലാശാലയുടെ പുതിയ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി ശ്രദ്ധേയരായ വ്യക്തികളെ നിർദ്ദേശിക്കുവാൻ ജീവനക്കാരെ ക്ഷണിക്കുന്നു എന്നും വ്യക്തി വൈവിധ്യത്തെ പ്രതിഫലിപ്പിക്കാനായി ‘വെളുത്ത മധ്യവയസ്കരെ’ പാടില്ല എന്നും പറയുന്നു. ഇതിന് മറുപടിയായാണ് ഷാംപെയ്ൻ ഒരു വിഭാഗത്തിനെതിരെയും അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നത് ശരിയല്ല എന്ന് പ്രതികരിച്ചത്.
തന്നെ ഒരു വംശീയ വാദിയായിയാണ് ഷാംപെയ്ൻ ആരോപിച്ചതെന്നും തൻെറ സത്യസന്ധത ചോദ്യം ചെയ്യപെട്ടുവെന്നും റഡ്‌ജ് ആരോപിച്ചു. വിഷയം ഉടൻ തന്നെ എച്ച് ആർ മാനേജരായ സാമന്ത ക്രീസിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇവർ വിഷയം ഗൗരവമായി കാണുകയും ഷാംപെയ്നിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഷാംപെയ്നിനിൽനിന്ന് മോശം സന്ദേശങ്ങൾ ലഭിച്ചതായുള്ള പരാതി ഉയർന്നുവന്നിരുന്നു. ഈ സംഭവത്തിലും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ഇരയാക്കപ്പെട്ടതിനെ തുടർന്ന് തൻെറ ആത്മവിശ്വാസം നഷ്ടമായെന്നും ഷാംപെയ്നിൻ പറഞ്ഞു. അദ്ദേഹത്തിന് 1,048 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ മോശമായ സന്ദേശങ്ങൾ അയച്ചതിനുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നും ജഡ്ജി ബ്രോട്ടൺ കൂട്ടിച്ചേർത്തു.
Leave a Reply