മുംബൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുമരണം. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
മുംബൈ ചെമ്പൂര്‍ തിലക് നഗറിലെ 15 നില ഫ്ലാറ്റ് സമ്മുച്ചയത്തിന്റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മുകളിലെ രണ്ട് നിലകളിലേക്കും തീ വ്യാപിച്ചു. എന്നാൽ, കെട്ടിടത്തിൽ കുടുങ്ങിയവരെ ഉടൻ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം വഴിമാറി. അഞ്ച് അഗ്നിശമന യൂണിറ്റുകൾ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മരിച്ച അഞ്ചു പേരില്‍ നാലും സ്ത്രീകളാണ്. ഇവരെ ആശുപത്രയിലെത്തിക്കുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. സുനിതാ ജോഷി, സരള സുരേഷ്, സുമന്‍ ശ്രീനിവാസ്, ലക്ഷ്മി ബെന്‍ പ്രേംജി, ബാലചന്ദ്ര ജോഷി എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനാ ഉദ്യോഗസ്ഥനും, രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയസമീപവാസിയായ ഒരാള്‍ക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് നാലാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടകുന്നത്.