സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്.


2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ “കേരളാ പൂരം 2019” എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.
Leave a Reply