യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയ്ക്കെതിരെ ഗുരുതരമായ ആരോപണം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുകെയിലെ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത പണത്തില്‍ തിരിമറി നടത്തിയതായാണ് യുക്മയുടെ നേതൃത്വത്തിനെതിരെ ആരോപണമായി ഉയര്‍ന്നിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുകെയിലെത്തിയപ്പോള്‍ യുക്മ നേതൃത്വം കൈമാറിയ ചെക്കില്‍ പിരിച്ചെടുത്തതായി കാണിച്ചിരിക്കുന്നത് പതിനായിരം പൗണ്ടാണ്. എന്നാല്‍ വിര്‍ജിന്‍ മണി വഴി നടത്തിയ പിരിവില്‍ യുക്മയ്ക്ക് ലഭിച്ചത് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ പതിനാറായിരത്തി എണ്ണൂറ് പൗണ്ടിലധികം ആണെന്ന് രേഖകള്‍ പറയുന്നു. ഇത്രയും തുക പിരിഞ്ഞു കിട്ടിയെങ്കിലും കൊടുത്ത ചെക്കില്‍ ആറായിരം പൗണ്ടിലധികം കുറവ് വന്നതാണ് യുകെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസി മലയാളികള്‍ സമാഹരിച്ച സഹായധനം കൈപ്പറ്റാന്‍ യുകെയില്‍ എത്തിച്ചേര്‍ന്ന കേരള സംസ്ഥാന ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് യുക്മ നേതാവ് മാമ്മന്‍ ഫിലിപ്പ് നല്‍കിയ ചെക്കിലാണ് പതിനായിരം പൗണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പിരിച്ചെടുത്ത തുകയെക്കാളും ആറായിരത്തിലധികം പൗണ്ട് കുറവാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണം സത്യമാണെന്ന് തെളിയിക്കുന്നതാണ് വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് വെബ്സൈറ്റ് കാണിച്ചിരിക്കുന്ന തുകയുടെ കണക്ക്.
യുക്മയ്ക്കെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉയരുന്നത് ഇതാദ്യമായല്ല. പതിനായിരക്കണക്കിന് പൗണ്ട് വാര്‍ഷിക ബഡ്ജറ്റ് ഉള്ള സംഘടനയില്‍ നാളിതുവരെ ശരിയായ രീതിയിലുള്ള ഓഡിറ്റ് ഇത് വരെ നടന്നിട്ടില്ല എന്ന ആരോപണം മുന്‍പേ തന്നെ ഉണ്ട്. പല ജനറല്‍ബോഡി യോഗങ്ങളിലും ഇക്കാര്യം അംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഇക്കാര്യം പരിഗണിക്കാന്‍ നേതൃത്വം തയ്യാറാവാതെ ഇരിക്കുന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്ന കാലത്ത് സ്വന്തം കയ്യിലെ പണം മുടക്കി സംഘടനാ പ്രവര്‍ത്തനം നടത്തി യുക്മയെ വളര്‍ത്തി വലുതാക്കിയ ആദ്യകാല ജനകീയ നേതാക്കളില്‍ നിന്നും സംഘടന പിടിച്ചെടുത്ത രാഷ്ട്രീയ ബിസിനസ് ലോബിയാണ് സംഘടനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം എന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇതിന്‍റെ ആദ്യ തെളിവ് ആയി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മുന്‍ പ്രസിഡന്‍റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന് വാര്‍ഷിക കണക്ക് ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയാതെ അധികാരം വിട്ടൊഴിയേണ്ടി വന്നതാണ്. ഫ്രാന്‍സിസ് മാത്യു അവതരിപ്പിച്ച കണക്കില്‍ എണ്ണായിരം പൗണ്ട് കുറവ് വന്നതോടെയായിരുന്നു ജനറല്‍ബോഡി യോഗം പ്രക്ഷുബ്ദമായതും കണക്കു പാസാക്കുന്നതില്‍ വിസമ്മതം അറിയിച്ചതും. അന്ന് ഒരു അക്കൌണ്ടന്റിനെ വച്ച് കണക്കുകള്‍ പരിശോധിക്കാം എന്നും ഇത് പിന്നീട് വരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കാം എന്നും പറഞ്ഞ് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നായിരുന്നു അംഗങ്ങള്‍ ശാന്തരായത്. എന്നാല്‍ അതിന് ശേഷം ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ഇത് വരെ പുറത്ത് വന്നിട്ടില്ല.
ഒരു സംഘം രാഷ്ട്രീയ, ബിസിനസ് ലോബി യുക്മ കൈപ്പിടിയിലൊതുക്കിയത് ഇതിനെ തുടര്‍ന്നായിരുന്നു. യുക്മയിലെ ജനകീയ പ്രതിബദ്ധതയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയ ഇവര്‍ തങ്ങളുടെ ഇഷ്ടക്കാരെ മാത്രം കമ്മറ്റികളില്‍ നിയോഗിച്ച് ഭരണഘടന വരെ തിരുത്തിയെഴുതി സംഘടനയുടെ സുതാര്യത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി. തുടര്‍ന്നു നടത്തിയ വള്ളംകളി പോലുള്ള വന്‍ ബജറ്റ് സംരംഭങ്ങള്‍ യുക്മ അംഗത്വം പോലുമില്ലാത്ത ബിസിനസ് ലോബിയെ ഏല്‍പ്പിക്കുകയും ഇതിന്‍റെ കണക്കുകള്‍ യുക്മ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന നിലപാട് എടുക്കുകയും ചെയ്തതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
എന്നാല്‍ കേരള ജനതയ്ക്ക് ഉണ്ടായ ഒരു വന്‍ദുരന്തത്തില്‍ നിന്നും സാമ്പത്തിക മുതലെടുപ്പ് നടത്താനുള്ള യുക്മ നേതൃത്വത്തിന്‍റെ ശ്രമം വന്‍പ്രതിഷേധം തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസമെന്ന പേരില്‍ പിരിച്ച തുകയുടെ കൃത്യമായ കണക്കുകള്‍ എത്രയും വേഗം പുറത്ത് വിടണമെന്ന് വിവിധ അസോസിയേഷനുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. വരുംദിവസങ്ങളില്‍ യുക്മയില്‍ ഇതു ചര്‍ച്ചാവിഷയമായി മാറുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അഴിമതി രാഷ്ട്രീയക്കാരുടെയും ബിസിനസ് ലോബികളുടെയും കയ്യില്‍ നിന്ന് യുക്മയെ മോചിപ്പിച്ച് ജനകീയ സ്വഭാവം യുക്മയില്‍ തിരികെ കൊണ്ട് വരണമെന്നും അസോസിയേഷനുകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
Leave a Reply