ലണ്ടൻ: ഡൽഹിയിലെ കലാപത്തി​​െൻറ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ​ഷാ രാജിവെക്കണം എന്നാവശ്യപ്പെട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന്​ മുമ്പിൽ പ്രക്ഷോഭം. പാരിസിലും ബർലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ്​ വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും മറ്റും പ​ങ്കെടുത്ത ലണ്ടനിലെ പ്രക്ഷോഭം.

‘ദ ഇൻഡ്യ സൊസൈറ്റി അറ്റ്​ ദ സ്​കൂൾ ഒാഫ്​ ഒാറിയൻറൽ ആൻഡ്​ ആഫ്രിക്കൻ സ്​റ്റഡീസ്​ (SOAS)’, ‘സൗത്ത്​ ഏഷ്യൻ സ്​റ്റുഡൻറ്​സ്​ ഏഗെയ്​ൻസ്​റ്റ്​ ഫാസിസം ആൻഡ്​ സൗത്ത്​ ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്​’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം. ഡൽഹി കലാപത്തിലെ ഇരകളോടൊപ്പം എന്ന സന്ദേശവുമായായാണ്​ വിദ്യാർഥികളടക്കം ഇവിടെ ഒ​​രുമിച്ച്​ കൂടിയത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ രാജിവെക്കുക, കലാപത്തിന്​ വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്​റ്റ്​ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉന്നയിച്ചു.

ഡൽഹിയിലെ അക്രമങ്ങളുടെ ​പശ്​ചാത്തലത്തിൽ ബ്രിട്ടീഷ്​ സർക്കാർ നരേന്ദ്ര മോദി സർക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകർ പറഞ്ഞു.

കലാപത്തി​​െൻറ ഇരകളോടൊപ്പം നിൽക്കുകയും അവർക്ക്​ സുരക്ഷയൊരുക്കാൻ പ്രയത്​നിക്കുകയും ചെയ്​ത ഇതര മത സമൂഹങ്ങളെ പ്രകീർത്തിക്കാനും പ്രക്ഷോഭകർ മറന്നില്ല.