WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പുകൾപെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടിൽ കെങ്കേമമാക്കിയ മൂന്നാമത് “യുക്മ കേരളാപൂരം” വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുൻപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണൽ നേതൃത്വങ്ങൾ വീണ്ടും സജീവമാകുന്നു.
നവംബർ രണ്ട് ശനിയാഴ്ച യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വർഷത്തിൽ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റർ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികൾക്കും, റീജിയണൽ പ്രസിഡന്റ്മാർക്കും റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ അംഗ അസ്സോസ്സിയേഷനുകൾക്ക് അയക്കുവാൻ  കഴിയുംവിധം ഇ-മാനുവൽ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളിൽ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാർത്ഥികളും വിപുലമായ സംഘാടക നിരയും ചേർന്ന് അയ്യായിരത്തോളം മലയാളികൾ ഒത്തുചേരുന്ന  യുക്മ ദേശീയ കലാമേളകൾ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന്   യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭിപ്രായപ്പെട്ടു.
നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, സ്കോട്ട്ലൻഡ്, യോർക്ക്‌ഷെയർ ആൻഡ് ഹംബർ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയിൽസ് എന്നീ ഒൻപത് യുക്മ റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ  വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്.