മനോജ്കുമാര്‍ പിള്ള
യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത് ഇത്തവണയും പ്രശസ്തരും പ്രഗത്ഭരുമായസാഹിത്യപ്രതിഭകള്‍ തന്നെയാണ്. പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ്‌കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇത്തവണത്തെ സാഹിത്യമത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികളെ ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതാണെന്ന് സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി പറഞ്ഞു.
വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ യുക്മ സഘടിപ്പിക്കുന്ന പ്രൗഡോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്കുന്നതാണെന്ന് സാംസ്‌കാരിക വേദികോര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി. എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു വിജയിപ്പിച്ചഎല്ലാവരെയും യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ് എന്നിവര്‍ അഭിനന്ദിച്ചു.
നിഷ്പക്ഷവും കൃത്യവുമായ രീതിയില്‍ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നതിന് ബഹുമുഖ സാഹിത്യ പ്രതിഭകളെയാണ് ഇത്തവണയും യുക്മ സാംസ്‌കാരിക വേദിയ്ക്ക് ലഭിച്ചത്. പ്രവാസി സാഹിത്യകാരന്മാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവും പുതിയ വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളും കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്ന കവികള്‍’, ‘വരുവിന്‍ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളും കഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെ ജുബൈലില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹംനല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും നടനുമായ ശ്രീ തമ്പി ആന്റണി എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ പ്രതിഭ കൂടിയാണ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തമ്പിആന്റണി പ്രശസ്ത സിനിമാ നടന്‍ ശ്രീ ബാബു ആന്റണിയുടെ സഹോദരനുമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളുംഎഴുതിയിട്ടുള്ള തമ്പി ആന്റണിയുടെ ‘വാസ്‌കോഡിഗാമ’ എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ഭൂതത്താന്‍ കുന്ന്”വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നാടക രചനകളും നടത്തിയിട്ടുള്ള ശ്രീ തമ്പി ആന്റണി അമേരിക്കയിലാണ് സ്ഥിര താമസം.
ഗള്‍ഫ് ജീവിതം കേന്ദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യരചനകളും നടത്തി അനുവാചക മനസ്സുകളില്‍ സ്ഥാനം നേടിയ പ്രവാസിഎഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കല്‍. ‘ഇണയന്ത്രം’ ‘പുലിയുംപെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയില്‍’ തുടങ്ങിയ ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലും പ്രവാസഭൂമിയിലുമുള്ള മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഖത്തര്‍ സമന്വയ സാഹിതി പുരസ്‌കാരം, ഗോവ പ്രവാസി സംഗമ അവാര്‍ഡ്, സിഎച്ച്‌സ്മാരക പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കല്‍ സൗദിഅറേബ്യയിലെ റിയാദില്‍ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ഇംഗ്‌ളീഷിലേക്ക് ‘ഗോട്ട് ഡെയ്‌സ് ‘ എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയില്‍(ജെ.എന്‍.യു) നിന്ന് ഇംഗ്ലീഷില്‍ നേടിയ ഡോക്ടറേറ്റുമായി ഭൂട്ടാന്‍ ഷെറബ്‌സെ, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ ഹായില്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ സീനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കേരളത്തിലെ കാസര്‍ഗോഡുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന മുന്‍ ഡീന്‍കൂടിയായ ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ തത്തപ്പള്ളി സ്വദേശിയാണ്. ജെ എന്‍ യു അലൂംനി അസോസിയേഷന്‍ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ അദ്ദേഹം കുടുംബസമേതം കാസര്‍ഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐല്‍സ്ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള കവയിത്രിയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സാഹിത്യ സൃഷ്ടികളാല്‍ സമ്പുഷ്ടമായ തിരക്കുകള്‍ക്കിടയിലും യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീരകമല യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമാണ്. മികച്ച പ്രഭാഷകയായും കവയിത്രിയായും അറിയപ്പെടുന്ന ശ്രീമതി മീര കമലയും ആലപ്പുഴ സ്വദേശിയാണ്. ബക്കിംഹാംഷയറിലെ ഐല്‍സ്ബറിയില്‍ നാടകകൃത്തും അഭിനേതാവും തബലവിദ്വാനുമായ ഭര്‍ത്താവ് മനോജ് ശിവയോടും മകനോടുമൊപ്പം താമസിക്കുന്നു.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുവാന്‍ തയ്യാറായ നിസ്വാര്‍ത്ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവിഭാഗം സാരഥികളായ തമ്പി ജോസ്, സി.എ. ജോസഫ് , ജേക്കബ്‌കോയിപ്പള്ളി, മനോജ് കുമാര്‍ പിള്ള എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- ജേക്കബ് കോയിപ്പള്ളി(07402935193),മാത്യുഡൊമിനിക് (07780927397) കുരിയന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റ് യുക്മ സാംസ്‌കാരിക വേദി സാരഥികളെയോ ബന്ധപ്പെടാവുന്നതാണ്.
Leave a Reply