പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
1981 ഒക്‌ടോബര്‍ 31 രാവിലെ 7 മണിയോടെ വെളിയന്നൂര്‍ ബസില്‍ കയറാന്‍ അടിച്ചിറക്കവലയിലെ പൂവരശ് മരച്ചുവട്ടില്‍ ഞാന്‍ നിന്നു. 7.15 ന് വരുന്ന ബസില്‍ കയറാമെങ്കില്‍ 9 മണിക്കു മുമ്പായി കോളേജില്‍ എത്താം. രണ്ടുപേര്‍ എനിക്കവിടെ സുഹൃത്തുക്കളായി. സി.ജെ തോമസ് എന്ന ഉഗാണ്ടാസാര്‍.
അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകനാണ്. നേരത്തെ ഉഗാണ്ടയില്‍ ജോലി ചെയ്തിരുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. മറ്റൊരാള്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ
എം.എം തമ്പിസാറാണ്. ആ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് അധികവും. കോട്ടയം, നാഗമ്പടം, എസ്,എച്ച് മൗണ്ട്, ചവിട്ടുവരി സ്റ്റോപ്പുകളില്‍ നിന്നും കയറുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും. മധുരഭാഷണങ്ങളുടെയും പൊട്ടിച്ചിരികളുടെയും നടുവില്‍ ബസുയാത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു.
ഫസ്റ്റ് അവറില്‍ ടൈംടേബിളുകള്‍ എല്ലാം പരിശോധിച്ച് ആന്റണി സാര്‍ എന്നോടു പറഞ്ഞു. ”ബാബുസാര്‍ മൂന്നാമത്തെ പീരിയഡില്‍ 110 ലെ ഡിവണ്‍ ഡീറ്റൂവില്‍ പെയ്‌ക്കോളൂ. ചാക്കോസാര്‍ ക്ലാസു കാണിച്ചുതരും.” പ്രാല്‍ സാറിന്റെ കൂടെ ഞാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റു കാണുവാന്‍ പോയി. അവിടെ ഒരുപറ്റം
അധ്യാപകര്‍ കൂടിനില്‍പ്പുണ്ട്. എല്ലാവരും കറുത്ത ബാഡ്ജ് കുത്തിയിരിക്കുന്നു. ഇന്ന് പ്രതിഷേധദിനമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പല അധ്യാപകര്‍ക്കും സെലക്ഷന്‍ ആയി നില്‍ക്കുകയാണ്.
കോട്ടയം മാനേജുമെന്റ ് ഒരു വര്‍ഷത്തെ അവധി മാത്രമെ നല്‍കുകയുള്ളു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതിനെതിരെയാണ് അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ ഞാന്‍ മലയാള വിഭാഗത്തിലേക്ക് തിരികെ പോന്നു.
മൂന്നാമത്തെ പിരിയഡില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാര്‍ക്ക് ഗദ്യഭാഗത്തിലെ ചില ലേഖനങ്ങളാണ് പഠിപ്പിക്കുവാന്‍ തന്നത്. കുട്ടികൃഷ്ണമാരാരുടെ മഹാകവിയുടെ ശില്പശാലയില്‍ എന്ന ലളിത സുന്ദരമായ ലേഖനം ഞാന്‍ വായിച്ചൊരുങ്ങി. മൂന്നാമത്തെ പീരിയഡില്‍ ഭാഷാമഞ്ജരിയിലെ ഗദ്യഭാഗവും കൈയ്യിലേന്തിഞാന്‍ ഡീവണ്‍ ഡീറ്റൂവിലെത്തി. ഫോര്‍ത്ത് ഗ്രൂപ്പുകാരുടെ കമ്പയിന്റ് ക്ലാസാണത്. ഒരു മുറിനിറയെ വിദ്യാര്‍ത്ഥികള്‍. സ്ഥലം കിട്ടാതെ ബെഞ്ചുകളില്‍ അവര്‍ തൂങ്ങിക്കിടക്കുന്നു. അടുത്ത
ഷിഫ്റ്റിലേക്കുള്ള കുട്ടികള്‍ ആണ്‍ പെണ്‍ ഭേദമന്യേ വരാന്തകളില്‍ നിരീക്ഷകരായി നിരന്നു നില്‍ക്കുന്നു. ആകപ്പാടെ ബഹളം. അകത്തും പുറത്തും ബഹളം. സ്റ്റെപ്പ്കട്ട് ചെയ്ത് ചെവികാണാതെ മുടി ചീകി വലിയ കോളറുള്ള ഷര്‍ട്ടുമിട്ട് 32 ഇഞ്ചിന്റെ ബല്‍ബോട്ടം പാന്റും ധരിച്ച് ജയന്‍ മോഡലില്‍ നില്‍ക്കുന്ന ഒരു
കൃശഗാത്രനെക്കണ്ടപ്പോള്‍ കുട്ടികളുടെ മുഖത്ത് കുസൃതി നിറഞ്ഞ പരിഹാസമോ? ഞാന്‍ ശങ്കിച്ചു….ശങ്ക പണ്ടേ എന്റെ കൂടപ്പിറപ്പാണ്.
അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായി പോയി
ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാണ്
ഇതു നിങ്ങളെടുത്തുകൊള്‍ക
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഞാന്‍ ഉറക്കെ നീട്ടിച്ചൊല്ലി. ക്ലാസ് നിശബ്ദമായി. എന്റെ ആമുഖപ്രഭാഷണത്തില്‍ കുട്ടികള്‍ തീര്‍ത്തും നിശബ്ദരായി. കുട്ടികളുടെ നിശബ്ദതക്കിടയിലൂടെ
ഞാന്‍ മഹാകവിയുടെ ശില്പശാലയിലേക്ക് സാവധാനം പ്രവേശിച്ചു. കുട്ടികള്‍ വള്ളത്തോളിനെ മന ില്‍ കണ്ട നേരം. ”56 ഇഞ്ച് വീതിയുള്ള ഖദര്‍ മുണ്ട് മുകളിലേക്ക് കയറ്റി ചുറ്റി വന്നേരിയിലെ പഞ്ചസാര മണലുള്ള വീട്ടുമുറ്റത്തുകൂടെ വള്ളത്തോള്‍ നടക്കുന്നു. കാവ്യ സമാധിയില്‍ എന്നവണ്ണം ആ
സന്ധ്യയില്‍ കവി ചിന്താകുലനാണ്.” ഈ സമയത്ത് ക്ലാസിന്റെപിറകില്‍ ഒരു കലപില. ഞാന്‍ ഒന്നു നോക്കി വായന തുടര്‍ന്നു. വീണ്ടും കലപില. ഞാന്‍ ഉറക്കെ ആക്രോശിച്ചു. ”എന്താണവിടെ?
എഴുന്നേറ്റു നില്‍ക്കെടോ” ഒരു തടിമാടന്‍ എഴുന്നേറ്റു നിന്നു. അവന്റെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി. ഉള്ളൊന്നു കാളി. എങ്കിലും സര്‍വ്വശ്ക്തിയും സംഭരിച്ച് ഞാന്‍ ചോദി ച്ചു. ”എന്താ ടോ തന്റെ പേര്?” എടുത്തടിച്ച തു പോലെ അവന്‍ മറുപടിപറഞ്ഞു. ”ജോസഫ് എം.എ.” ”എം.എ. തന്റെ
ഇനീഷ്യല്‍ ആണെങ്കില്‍ അതെന്റെ ഡിഗ്രിയാണ്. മര്യാദക്ക് ക്ലാസില്‍ ഇരുന്നുകൊള്ളണം. ഇരിയെടാ അവിടെ.” ദൈവകൃപയാല്‍ അവന്‍ ഇരുന്നു. അവന്‍ ഇലഞ്ഞിക്കാരനായിരുന്നു എന്നു മാത്രമേ എനിക്കറിയത്തുള്ളൂ. തടിയുണ്ടായിരുന്നെങ്കിലും ഇലഞ്ഞിപ്പൂവിന്റെ നിഷ്‌കളങ്കത അവനിലുണ്ടായിരുന്നു. അതു കൊണ്ടാവാം അവന്‍ പെട്ടന്ന് ഇരുന്നതും !! ഒരു തുടക്കക്കാരനായി വന്ന എന്നെ അവന്‍ വിരട്ടിയെങ്കിലും ഒരിക്കല്‍ക്കൂടി അവനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ക്ലാസ് നിശബ്ദമായി. ഞാന്‍ വായിച്ച് വായിച്ച് വള്ളത്തോളിന്റെ പ്രകരണശുദ്ധിവരെ ആയപ്പോള്‍ ബെല്ലടിച്ചു. അകത്തുനിന്നു കുട്ടികള്‍ പുറത്തോട്ടും പുറത്തുനിന്നു കുട്ടികള്‍ അകത്തോട്ടും ഇടിച്ചുകയറി. ബെല്ലടിച്ചതിന്റെ ആശ്വാസത്തില്‍ ഞാന്‍ കുട്ടികള്‍ക്കിടയിലൂടെ ഊളിയിട്ട് വരാന്തയിലേക്കിറങ്ങി.
ഡിപ്പാര്‍ട്ടുമെന്റിലെത്തി എന്റെ കസേരയില്‍ ആശ്വാസത്തോടെ ഇരുന്നപ്പോള്‍ പ്രാല്‍സാര്‍ ചോദിച്ചു. ”എങ്ങിനെയുണ്ടായിരുന്നു ക്ലാസ്” നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്ഞാന്‍ പറഞ്ഞു ”അറിഞ്ഞതില്‍ പാതി പറയാതെ പോയി. പറഞ്ഞതില്‍ പാതി പതിരായിപ്പോയി.” എല്ലാവരും ഉറക്കെചിരിച്ചു.
ജോസഫ് എം.എയോട് പേരു ചോദിക്കുന്ന ഈ സംഭവം മുപ്പതുവര്‍ഷത്തിനുശേഷം എന്നെ ഓര്‍മ്മിപ്പിച്ചത് എന്റെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്. അധ്യാപകനായി ബി.സി.എമ്മിന്റെ മുറ്റത്തുകൂടെ 2011ല്‍ ഞാന്‍ നടക്കുമ്പോള്‍ സെന്റ ് ആന്‍സ് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിന്‍സി ആ സംഭവം
പറഞ്ഞ് പൊട്ടിച്ചിരിച്ചത് എനിക്കിപ്പോള്‍ വിസ്മയമായി. അവര്‍ ആ ക്ലാസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു….!
Leave a Reply