ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ ഉക്രൈൻ ഒറ്റയ്ക്കല്ലന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഉക്രൈയ്നിനു പിന്തുണയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുവന്നത്. റഷ്യൻ പ്രസിഡന്റ് രാസായുധങ്ങൾ ഉപയോഗിച്ചാൽ അതിൻറെ അനന്തരഫലങ്ങൾ അദ്ദേഹത്തിന് വിനാശകരമാകുമെന്ന് ബ്രസൽസിൽ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പു നൽകി.

റഷ്യ ഉക്രൈൻ സംഘർഷത്തിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉക്രൈന് തുറന്ന പിന്തുണ നൽകുമ്പോഴും യുദ്ധത്തിൽ ഏതെങ്കിലും രീതിയിൽ ഇടപെടുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് ലോകത്തെ തള്ളി വിടുമോ എന്ന ആശങ്ക പരക്കെയുണ്ട്. അതുകൊണ്ടുതന്നെ കടുത്ത സംയമനത്തോടു കൂടിയ നടപടികളാണ് അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ പക്കൽ നിന്നുണ്ടാകുന്നത്. നേരത്തെ 65 റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കും എതിരെ യുകെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഉക്രൈൻ സംഘർഷം ചർച്ച ചെയ്യാനായി നാറ്റോ , യൂറോപ്യൻ യൂണിയൻ , G7 എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ബ്രസൽസിൽ അടിയന്തര യോഗം നടത്തുകയാണ്. നാറ്റോ ഉച്ചകോടിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ബ്രിട്ടൻ ഉക്രൈനു നൽകുന്ന പിന്തുണയുടെ അളവിനെ പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. 6000 മിസൈലുകൾ കൂടി ഉടൻ അയക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഉക്രൈൻ സൈനികർക്ക് നൽകാനായി 25 മില്യൺ പൗണ്ടിന്റെ അധിക ധനസഹായവും യുകെ ഉക്രൈന് നൽകും .