സാമൂഹിക മാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോ കോളജിലെ പരിപാടിക്കിടെ അഞ്ച് വയസ്സുകാരൻ നേരിട്ടെത്തി നൃത്തം ഗംഭീരമായിരുന്നെന്ന് പറഞ്ഞ അനുഭവവും അദ്ദേഹം പങ്കുവച്ചു. അതേസമയം, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന സതീശന്റെ കഴിഞ്ഞ ദിവസത്തെ പരാമർശവും ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എഐ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം മെറ്റ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐടി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
വിനോദം മാത്രം ലക്ഷ്യമിട്ടാണ് വീഡിയോ തയാറാക്കിയതെന്നും പോസിറ്റീവായാണ് മുഖ്യമന്ത്രി അതിനെ സ്വീകരിച്ചതെന്നും വീഡിയോ നിർമിച്ച അഭിജിത്ത് പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വീണ്ടും വീഡിയോ ലഭ്യമാക്കുന്നതിനായി അപ്പീൽ നൽകിയിട്ടുണ്ടെന്നും നിലവിൽ വിദേശത്തുള്ളവർക്ക് വീഡിയോ കാണാൻ കഴിയുന്നുണ്ടെന്നും അഭിജിത്ത് പറഞ്ഞു.











Leave a Reply