ശ്മശാനത്തിലേക്ക് തകർന്ന് വീണ വിമാനത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. ട്രോളുകളിലും അക്കഥ പാടി നടക്കുന്നവരെയും കാണാം. ഇന്നലെ ബിജെപി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കുമ്പോഴാണ് വിമാനത്തിന്റെ കഥ പറഞ്ഞത്. മുൻപ് അദ്ദേഹം പെട്രോൾ വില വർധനവിനെ കുറിച്ച് പറഞ്ഞ ന്യായീകരണം ഇതുപോലെ വൈറലായിരുന്നു.

‘വിമാനം തകർന്ന് ശ്മശാനത്തിൽ വീണു. പിന്നീട് അവിടെ നിന്ന് ആളുകൾ തപ്പിയെടുത്തു. രണ്ടായിരം മൃതദേഹങ്ങൾ കിട്ടി. ആ രണ്ടായിരം ബോഡികൾ വിമാനത്തിലുള്ളവരുടെ ആണെന്നാണോ അതിന്റെ അർഥം. ആരുടെയെങ്കിലും കയ്യിൽ നിന്നും പണം കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം ധർമരാജന്റെ ആണെന്ന് എങ്ങനെയാ തെളിയിക്കുന്നത്.’ ഇതായിരുന്നു മുരളീധരന്റെ വാദം.

ഇതിന് പിന്നാലെ പഴയ പെട്രോൾ സിദ്ധാന്തത്തിന്റെ അത്രപോരെന്നും ബംഗാളിൽ പോയിട്ട് വന്ന ശേഷമുള്ള മാറ്റങ്ങളുമാണ് ഇതെല്ലാമെന്നും ട്രോളുകൾ നിറയാൻ തുടങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ ഡയലോഗ് പോലെ തോന്നുന്നു എന്നും ട്രോളുന്നവരെയും കാണാം.