തിരുവനന്തപുരം ∙ സുപ്രീംകോടതി കടുത്ത വിമർശനം നടത്തിയതോടെ കയ്യാങ്കളി കേസിൽ സർക്കാരിനു കൈപൊള്ളി. സിജെഎം കോടതി മുതൽ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനു വിധി നാണക്കേടായി. നിയമസഭ ചേരുന്ന സമയത്താണ് വിധിയെന്നതിനാൽ അതിന്റെ അലയൊലികൾ സഭാതലത്തിലുമുണ്ടാകും. സർക്കാരിന്റെ രാഷ്ട്രീയ വാദങ്ങൾ ദുർബലമാകും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കും. വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായി സർക്കാരിനു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതോടെ വിചാരണക്കോടതിയിലും വിധിയുടെ സ്വാധീനമുണ്ടാകും. പ്രതികൾക്കു മുന്നിൽ വലിയ സാധ്യതകളൊന്നുമില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സിജെഎം കോടതി പരിശോധിക്കുക. മറ്റുള്ള വിഷയങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തിക്കഴിഞ്ഞു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തേ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ രൂക്ഷ വിമർശനം ഒഴിവാക്കാമായിരുന്നു.

ബാർക്കോഴ കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ കയ്യാങ്കളിയുണ്ടായതെങ്കിൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം) ഇപ്പോൾ എൽഡിഎഫിലാണ്. രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ, കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല. വിചാരണാ വേളയിൽ സർക്കാരിനിതു പ്രതിസന്ധി സൃഷ്ടിക്കും, വാദങ്ങൾ ദുർബലമാകും. മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയിലെ പരാമർശം കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. പരാമർശം പ്രതിപക്ഷം ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.

മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഇതേ നിലപാടെടുത്തതാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കി. മാണിയല്ല അന്നത്തെ സർക്കാരാണ് അഴിമതിക്കാരെന്നു നിലപാട് മാറ്റേണ്ടിവന്നു. നിലപാടിലെ മാറ്റം രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ വാദിക്കാനും സിപിഎം നേതൃത്വം ബുദ്ധിമുട്ടി. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലാത്തതിനാൽ ഏറെ കരുതലോടെയാണു സർക്കാരിനു മുന്നോട്ടുപോകേണ്ടിവരിക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഭയിൽ ജനപ്രതിനിധികളെന്ന സംരക്ഷണം മാത്രമേ ഉള്ളൂ എന്നും മറ്റു കാര്യങ്ങൾ ചെയ്യാൻ സംരക്ഷണമില്ലെന്നുമുള്ള കോടതി പരാമർശം എല്ലാം അംഗങ്ങളും ഓർമയിൽ സൂക്ഷിക്കേണ്ടിവരും. 2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഘർഷമുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്.

ആറ് ഇടത് എംഎൽഎമാരെ പ്രതികളാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.ടി.ജലീൽ, കെ.കുഞ്ഞഹമ്മദ്, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. മാണി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷബഹളം തുടങ്ങി.

തുടർന്നുണ്ടായ സംഘർഷത്തിനിടെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. ബഹളത്തിനിടെ ജമീലാപ്രകാശം, ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിമർശനമുയർന്നു.