ഐഎസ് ഭീരകരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനം കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉഴുന്നാലിലിനെ മോചിപ്പിച്ചതിലുള്ള സന്തോഷം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം ബിജെപിയും പങ്കുചേരുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റേയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഉഴുന്നാലിലിന്റെ മോചനമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

മലയാളികളുടേയും കേന്ദ്രസര്‍ക്കാരിന്റേയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണ്. എത്രയും വേഗം അദ്ദേഹത്തെ നാട്ടില്‍ എത്തിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഉഴുന്നാലിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്നിരുന്നു. അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഡല്‍ഹിയില്‍ നേരിട്ടെത്തി സുഷമാ സ്വരാജിനോട് ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനേയും അഭിനന്ദിക്കുന്നതായും കുമ്മനം പറഞ്ഞു.