നഴ്സുമാരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി വി. ടി. ബല്‍റാം എംഎല്‍എ, നാളെ തുടങ്ങുന്ന സമരം നിര്‍ണ്ണായകമാകും

നഴ്സുമാരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി വി. ടി. ബല്‍റാം എംഎല്‍എ, നാളെ തുടങ്ങുന്ന സമരം നിര്‍ണ്ണായകമാകും
April 23 12:12 2018 Print This Article

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമൂഹം നീതിതേടിയുള്ള പണിമുടക്ക് സമരത്തിലേക്ക് നീങ്ങുമ്പോൾ അവർക്കൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ച് തൃത്താല എംഎൽഎ വി ടി ബൽറാം. ന്യായമായ ആവശ്യത്തിനാണ് നഴ്‌സുമാർ പണിമുടക്കുന്നതെന്ന് പ്രഖ്യാപിച്ച് നടത്തുന്ന ലോംഗ് മാർച്ചിനൊപ്പം നടക്കാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം രംഗത്തുവന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് തൃത്താല എംഎൽഎ ഈ പ്രഖ്യാപനം നടത്തുന്നത്. നാളെ മുതൽ ചേർത്തലയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ‘വാക്ക് ഫോർ ജസ്റ്റീസ്’ എന്ന് പേരിട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ മാർച്ച് തുടങ്ങുന്നത്. സമരത്തിനൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം എംഎൽഎ ലൈവ് നൽകിയത്. ഇന്നലെ നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കൊപ്പം അണിനിരക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെ യുവതലമുറയുടെ ആവേശമായ  എംഎൽഎയും ലോംഗ് മാർച്ചിൽ അണിചേരുമെന്ന പ്രഖ്യാപനം വലിയ ആവേശമാണ് ന്‌ഴ്‌സുമാരിൽ ഉയർത്തിയിട്ടുള്ളത്.

സമരത്തെ തകർക്കാൻ ആശുപത്രി മുതലാളിമാരും ഭരണപക്ഷവും ശ്രമിക്കുന്ന സൂചനകൾ പുറത്തുവരുന്നതിനിടെ അതിന്റെ ഇരട്ടി ആവേശത്തിൽ ആയിരങ്ങൾ വാക്ക് ഫോർ ജസ്റ്റിസ് എന്ന പേരിട്ട ലോംഗ് മാർച്ചിനെ അനുകൂലിച്ച് രംഗത്തെത്തുന്നു. ഇത് ആവേശമാകുകയാണ് പതിനായിരക്കണക്കിന് നഴ്‌സുമാർക്കും അവരുടെ അനിഷേധ്യ സംഘടനയായ യുഎൻഎയ്ക്കും. നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ച് പല ഹാഷ് ടാഗുകളിലായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പിന്തുണ പ്രഖ്യാപിക്കുന്നതും. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ സമരമായി ഇത് മാറുമെന്ന നിലയിലാണ് പലരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത്.

ഫേസ്‌ബുക്ക് ലൈവിൽ ബൽറാം പറഞ്ഞത്:

താൻ ലൈവിൽ വന്നിട്ടുള്ളത് നാളെമുതൽ നഴ്‌സുമാർ നടത്തുന്ന സമരത്തെ പിൻതുണയ്ക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയാണ് ബൽറാം ലൈവ് നൽകുന്നത്. ലൈവ് കാണുന്നവരെല്ലാം ഈ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവരണമെന്നും ബൽറാം ആഹ്വാനം ചെയ്യുന്നു. ഈ സമരം വളരെ ന്യായമായ സമരമാണ്. അത്തരം ആവശ്യങ്ങളാണ് നഴ്‌സുമാർ ഉന്നയിക്കുന്നത്.

നമ്മുടെ വികസനമാതൃകയുടെ അഭിമാനമായി നമ്മൾ ഉയർത്തിക്കാട്ടുന്നത് നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മകളേയാണ്. ആ ആരോഗ്യരംഗത്തെ നിലനിർത്തുകയും അതിന് നന്മകളിലേക്ക് ഉയരാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിൽ നഴ്‌സുമാരുടെ പങ്ക് നമുക്ക് ഒരിക്കലും കുറച്ചുകാണാനാവില്ല.

എന്നാൽ വളരെ നാമമാത്രമായുള്ള സേവന വേതന വ്യവസ്ഥകളാണ് അവർക്ക് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയമായ തർക്കത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. – ബൽറാം പറയുന്നു.

ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണം. മറ്റേത് മേഖലയേക്കാളും സേവന തൽപരതയോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് നഴ്‌സുമാർ ഉണ്ട്. അവരുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർ ബുദ്ധിമുട്ടുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകണം. അവർക്ക് മാന്യമായ ശമ്പളം ലഭിക്കാനുള്ള സമരത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണം.

അത് ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിന്റെ മുഴുവൻ ബാധ്യതയാണ്. അവർക്ക് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാമൂഹ്യ സമ്മർദ്ദം ഉയർന്നുവരണം. മുമ്പ് നഴ്‌സുമാർ ശക്തമായി സമരം നടത്തിയപ്പോൾ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യായമായ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടന്നില്ല. അങ്ങനെയാണ് അന്തിമസമരത്തിലേക്ക് അവർ നീങ്ങുന്നത്. ആ ലോംഗ് മാർച്ചാണ് ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങുന്നത്.

ഈ സമരത്തോടൊപ്പമാണ് കേരളത്തിലെ പൊതു മനസ്സാക്ഷി. അതിന്റെ ഭാഗമാകാൻ എല്ലാവരും കടന്നുവരണം. സമരത്തിന്റെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കണം. യുക്തിസഹമായ തീരുമാനത്തിലേക്കെത്താൻ എല്ലാവരും സമരവുമായി സഹകരിക്കണം. മുഖ്യമന്ത്രിയും സർക്കാരും സമരത്തിന് ആസ്പദമായ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങൾ ഇന്നുതന്നെ അംഗീകരിച്ച് സമരം ഒഴിവാക്കണമെന്നും ബൽറാം അഭ്യർത്ഥിച്ചു.

സമരത്തെ അനുകൂലിച്ച് ബൽറാം കഴിഞ്ഞദിവസം നൽകിയ പോസ്റ്റ്:

#Walk_For_Justice
കേരളത്തിലെ നേഴ്‌സിങ് സമൂഹം നീതി തേടിയുള്ള അന്തിമ സമരത്തിലേക്ക് പ്രവേശിക്കുകയാണ്. ചേർത്തലയിൽ നിന്ന് യുഎൻഎയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 24ന് തുടങ്ങുന്ന നഴ്‌സുമാരുടെ ലോംഗ് മാർച്ച് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തേക്കാണ് നടന്നു നീങ്ങുന്നത്.

ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണങ്ങൾ നിലനിൽക്കുന്ന, ന്യായമായ സേവന വേതനവ്യവസ്ഥകൾ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന ഈ മേഖലയിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിച്ചേ പറ്റൂ. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും പിന്നീടത് നടപ്പാക്കാൻ യാതൊരു താത്പര്യവും കാണിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന് ഇനിയെങ്കിലും കണ്ണു തുറക്കാനും ഉചിതമായ രീതിയിൽ ഇടപെടാനും സാധിക്കേണ്ടതുണ്ട്. നമ്മുടേത് ഒരു ജനാധിപത്യമാകയാൽ ഇത്തരം ക്രിയാത്മക നടപടികളിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഈ ലോംഗ് മാർച്ചിന് പിന്തുണയർപ്പിച്ച് കടന്നുവരാൻ കേരളീയ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

ഈ സമരത്തിന് എന്റെ പിന്തുണ അറിയിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles