തന്നെ ആക്രമിക്കാനെത്തിയ തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. വടകര എളയടത്തെ പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളയാണ് നായയെ തിരിച്ച് ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് ഈ തെരുവു നായ ആക്രമിച്ചത്. ഇന്നലെ വീണ്ടും നായ പലരേയും കടിച്ചു. തുടര്‍ന്ന് ഇയാസ് അബ്ദുള്ളയെ ആക്രമിക്കാന്‍ നായ ഓടി അടുക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്.

ആര്‍എസി ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.സംഭവത്തില്‍ ഇയാസിന് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.

  കുഴൽപ്പണ കേസന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്; ധർമരാജനെ പലതവണ വിളിച്ചു, മകന്റെ മൊഴി എടുക്കും

ഇയാസിനെ കൂടാതെ മരുന്നൂര്‍ റഷീദിന്റെ മകന്‍ മുഹമ്മദ് സയാനും (7) പരിക്കേറ്റു. രയരോത്ത് മുഹമ്മദിന്റെ മകനാണ് ഇയാസ്. ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി.