റജി വർക്കി

കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്‌.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം.

കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിച്ചെങ്കിലും അവസാനം അക്കാര്യത്തിൽ ഒരു തീരുമാനമായി.

വീട്ടിലിരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി.

ധനുമാസത്തിലെ സൂര്യനു ഒട്ടൊക്കെ ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കൊന്നു പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോട്ടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും ചെയ്യാം. നാട്ടുവഴിയിലൂടെ പോയാൽ കുറച്ചു ദൂരമേയുള്ളൂ, നടന്നുതന്നെ പോകാം.

നാട്ടുവഴിയിലൂടെ പാടത്തിനടുത്തേക്കു നടന്നു

പാടത്തേക്കുള്ള ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായമാകുന്നേയില്ല എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെതന്നെ ഇരിക്കുകയായിരുന്നു. നല്ല അധ്വാനിയാണ്, നല്ല മനുഷ്യനുമാണ്.

“എന്താ പിള്ളച്ചേട്ടാ, കൃഷി ഒക്കെ ഇപ്പോഴുമുണ്ടോ?.. ” ഒരു കുശലാന്വേഷണം.

“ഇല്ല മോനെ ആരുമിപ്പോൾ കൃഷിയൊന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു വന്നു തിന്നിട്ട് പോകും.. പണ്ടുമുതലേ ഇതൊരു ശീലം ആയിപ്പോയി അതുകൊണ്ട് ഇടയ്ക്കു ഒന്ന് വന്നുപോകും. അത്രതന്നെ!..”

പതിവ് ചോദ്യങ്ങളൊക്കെ ചോദിച്ചു പിള്ളച്ചേട്ടൻ നടന്നകന്നു.

പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.

“വെട്ടും കിളയുമൊന്നും ഇല്ലാത്തതുകൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം.”

എന്തിനാണോ ഞാൻ ഈ കണ്ടത്തിൻവരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?

ആവോ ആര്ക്കറിയാം… അങ്ങനെ തോന്നി.

മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കടന്നിരുന്നതാണ്. ചാടിക്കടന്നാലോ? ഇപ്പൊൾ വേണ്ട. കുറെ പെണ്ണുങ്ങൾ അപ്പുറത്തെ കടവിലുണ്ട്. എങ്ങാനും വീണാലോ?. ചാടാനുള്ള എന്റെ ആഗ്രഹം ഞാൻ അടക്കി.

കുറെക്കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു ശരീരം പച്ചക്കറി പോലെയായി.

തോട് ഇറങ്ങിക്കടന്നു മുന്നോട്ട് നടന്നു.

ആരാ ആ നില്ക്കുന്നത്. മറിയച്ചേടത്തി അല്ലയോ ?

എന്റെ ചെറുപ്പത്തിലെ കുസൃതിയും കുന്നായ്മയും ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു കൃത്യമായി അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി! എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ഈ ചേടത്തിയെ അങ്ങോട്ട്‌ വിട്ടാൽ മതി! പലപ്പോഴും ഞങ്ങൾ പിള്ളേർ പറയാറുണ്ട്, ആയമ്മ കാരണം ആണ് ചുറ്റുവട്ടത്തൊക്കെ സ്ഥലത്തിന് വില കൂടിയപ്പോഴും നമ്മുടെ പനക്കീഴ് മാത്രം വില കൂടാത്തത് എന്ന്. അമ്മാതിരി ഒരു സാധനം ആണ് കക്ഷി.

നമുക്കിട്ടു നല്ല എട്ടിന്റെയോ പതിനാറിന്റെയോ പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ.

എന്നെ കണ്ടോ ആവോ? കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു പണ്ടേപോലെ കണ്ണ് പിടിക്കുന്നില്ല എന്ന് തോന്നുന്നു. കണ്ടിരുന്നേൽ എന്നെ വലിച്ചുകീറി അടുത്തെങ്ങും ഭിത്തി ഇല്ലാത്തത് കൊണ്ട് വല്ല മരത്തിലും ഒട്ടിച്ചേനെ!

പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങിത്തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു. ഇപ്പോൾ അടി തരാൻ ആരും ഇല്ലേലും.

പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലേക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് മെയിൻ റോഡിലേക്ക് എത്താം. സന്ധ്യയാകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.

കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിച്ചെടി. ഇതാരാ ഇവിടെ തെറ്റിച്ചെടി വച്ചത്?

ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. ഇവിടെയല്ലെ എന്റെ ആദ്യപ്രണയിനി ഒരുപിടി ചാരം ആയി മാറിയത്? അതെ ഇവിടെത്തന്നെയാണ്. അത് ഞാൻ മറക്കാൻ പാടില്ലാത്തതായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.

ദിവ്യ, രാഘവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്‌. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധവാഹിനിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു!

എഴുത്തുപനയോലത്തുണ്ടുകളും ആയി ആശാൻ പള്ളിക്കൂടത്തിലേക്ക്, പോകുമ്പോൾ മുതൽ എനിക്കവളെ ഇഷ്ടമായിരുന്നു.

ഉച്ചാരണം ശരിയാകാഞ്ഞതിന് എഴുത്താണിത്തുമ്പ് ചേർത്ത്, ആശാൻ അവളുടെ തോളിൽ നുള്ളിയത്, പട്ടുടുപ്പിന്റെ കൈ ഞൊറിഞ്ഞു കയറ്റി എന്നെ കാണിച്ചു തന്നത്.

രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്! അവന്മാർ അത് ചെന്ന് ടീച്ചറോട് പറഞ്ഞപ്പോൾ, ടീച്ചർ എന്നെ വിളിച്ചു ചോദിച്ചപ്പോൾ – ഞാൻ അത് തീർത്തു പറഞ്ഞു: ഞാൻ അവളെ കെട്ടുമെന്ന്! അന്നവരെല്ലാം കൂടി എന്നെ കളിയാക്കി വിട്ടതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ… എത്ര ലാഘവം ആയിരുന്നു അന്നത്തെ ആ ചിന്തകൾക്ക്… തിരിച്ചു കിട്ടാത്ത സുന്ദരമായ, നൈർമല്യം ഉള്ള കുട്ടിക്കാലം.

ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിച്ചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളർന്നു വന്നപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുകയായിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കുമൊക്കെ ഒരുപാടു വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളർച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.

കസവു ഞൊറിയുള്ള പാവാടയും പട്ടുടുപ്പും ഇട്ട് കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകച്ചോട്ടിൽ ഞാനവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.

ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ…. എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.

“ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ” എന്ന് ആരോ ചോദിക്കുന്നതു പോലെ.

അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലെന്ന്.

കരിയിലക്കുരുവികൾ കിന്നാരം പറയുമ്പോലെ, കൊലുസിന്റെ കിലുകില ശബ്ദം കേള്പ്പിച്ചു,പട്ടുടുപ്പും പട്ടു പാവാടയുമിട്ട് അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ശേലായിരുന്നു!

നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിവ്യെ എന്ന് മനസ് ഒരായിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല, എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നു.

അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. പട്ടുചേലയിൽ നിന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൗന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ ധൈര്യവും?

കോളേജിൽ അവളും കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്.

ഞാൻ ചോദിച്ചു:

“ദിവ്യ എവിടെ?”

“ചേച്ചി കോയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.”

അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രമല്ല എന്നിൽ നിന്ന് അതുകേട്ട പലർക്കും അത് വിശ്വസിക്കാനായില്ല.

പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാലായി.

കാലം എന്ന മായജാലക്കാരനു അങ്ങനെ ചില കഴിവ് കൂടിയുണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.

ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ടു, എന്റെ പ്രിയപ്പെട്ട. ദിവ്യ മരിച്ചത്രെ! എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?

ഞാൻ വീട്ടില് എത്തി, കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്ന പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്നതു കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുൻപിലെ ആൾക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത‍ വിശ്വസിക്കാതെ പറ്റില്ലായിരുന്നു.

പിറ്റേന്ന് ദിവ്യയുടെ ചേതനയറ്റ ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത്‌ വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും.

കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരമാവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറയ്ക്കുവോളം കണ്ടു.

കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്.

ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ… വേണ്ട, ഓർക്കണ്ട എനിക്കാ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ എന്നും ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ മറഞ്ഞിരിക്കട്ടെ!

ജന്മ ജന്മാന്തരങ്ങൾ സത്യം ആണെങ്കിൽ ഒരുപാടു വർണച്ചിറകുകൾ ഉള്ള ശലഭമായി എന്റെ പ്രിയ കൂട്ടുകാരി ഈ തെറ്റിച്ചെടിയുടെ അടുത്തെവിടെയെങ്കിലും ഉണ്ടാവും.

എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.

“മോനേ ” ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്.

ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.

രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..

“എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്…” വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.

ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു.

ഞാനും കരയുക തന്നെ ആയിരുന്നു..

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.