വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹ ദിനത്തില്‍ വധുവിന്റെ അച്ഛനെ നാല് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. മകളുടെ കൈ പിടിച്ചു വരന് നൽകുന്ന ധന്യമുഹൂർത്തത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അക്രമികളുടെ ക്രൂരതയിൽ മരിച്ച വലിയവിളാകം ശ്രീലക്ഷ്മിയിൽ രാജുവിന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടൽ മാറാതെയാണ് ബന്ധുക്കളും നാട്ടുകാരും ഇപ്പോഴുമുള്ളത് .
ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ പറഞ്ഞു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.
പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാല്‍ പ്രദേശം ഇവരുള്‍പ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തില്‍ എന്തും കാണിക്കാന്‍ മടിക്കാത്ത ഇവര്‍ക്കിടയിലൂടെ വഴിനടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ഭയമാണ്.
വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്.
കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.
സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. ഇതിനായി കോടതിയിൽ ഇന്നലെ പൊലീസ് അപേക്ഷ നൽകി. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനാണ് സാദ്ധ്യത. നാട്ടുകാരുടെ പ്രതികരണം അതിരുവിടുമോയെന്ന ആശങ്കയിൽ ശക്തമായ സുരക്ഷയിലായിരിക്കും പൊലീസ് പ്രതികളെ തെളിവെടുപ്പിനെത്തിക്കുക. രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇപ്പോഴും ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപ്പേരെത്തുന്നുണ്ട്. അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണെന്ന് ഇന്നലെ വീട് സന്ദർശിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകൾ ശ്രീലക്ഷ്മിയെയും മകൻ ശ്രീഹരിയെയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മകൾക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്‌നം കണ്ട ആ അച്ഛന് ഇനിയത് കാണാൻ കഴിയില്ല. സന്തോഷം നിറഞ്ഞുനിൽക്കുന്ന വീട്ടിൽ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയിൽ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒ.എസ്. അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Leave a Reply