ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി . ജന്മന അന്ധയായിരുന്ന വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് പെട്ടെന്നു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. ഇതിനിടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറയുന്നത് .
സന്തോഷിന് എന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണെന്നു വിജയലക്ഷ്മി പറയുന്നു .

അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്‌പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.