ചിറയിന്‍കീഴ്: വക്കത്ത് യുവാവിനെ തല്ലിക്കൊന്ന കേസിലെ ആറാം പ്രതിയും പിടിയിലായി. വക്കം ദൈവപ്പുര ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ മോനിക്കുട്ടന്‍ എന്നു വിളിക്കുന്ന നിധിനെ (25) യാണ് പൊലീസ് പിടികൂടിയത്. വര്‍ക്കലയ്ക്കു സമീപം മണമ്പൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനടുത്തു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായര്‍, കടയ്ക്കാവൂര്‍ സിഐ: ജി.ബി. മുകേഷ് കുമാര്‍, എസ്‌ഐ സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
31നു വൈകിട്ട് അഞ്ചര മണിയോടെ വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്താണ് അക്രമം അരങ്ങേറിയത്. നിധിനും സ്ഥലത്തുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മറ്റു പ്രതികളായ സതീഷ് (22), സഹോദരനായ സന്തോഷ് (23), ഉണ്ണിക്കുട്ടന്‍ എന്നുവിളിക്കുന്ന വിനായക് (21), വാവ എന്നറിയപ്പെടുന്ന കിരണ്‍കുമാര്‍ (25), ഇവരുടെ സഹായിയായ അപ്പി എന്നുവിളിക്കുന്ന രാജു (25) എന്നിവരോടൊപ്പം നിധിനും അക്രമത്തിനുണ്ടായിരുന്നു. ഷെബീറും സുഹൃത്തായ ഉണ്ണിക്കൃഷ്ണനും വീട്ടില്‍ നിന്നു ബൈക്കില്‍ നിലയ്ക്കാമുക്ക് ഭാഗത്തേക്കു പോകുന്നതു കണ്ട പ്രതികള്‍ വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്തു തമ്പടിക്കുകയും തിരിച്ചെത്തുമ്പോള്‍ ആക്രമിക്കാന്‍ പദ്ധതി തയാറാക്കുകയുമായിരുന്നു.

തുടര്‍ന്നു സംഘം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തി മദ്യപിച്ചശേഷം റയില്‍വേ ഗേറ്റിനു സമീപം കാത്തുനിന്നു. അഞ്ചരയോടെ തിരികെവന്ന ഷെബീറും ഉണ്ണിക്കൃഷ്ണനും ഗേറ്റ് അടഞ്ഞുകിടക്കുന്നതു കണ്ടു പാതയോരത്തു ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെയാണു സംഘം ചാടിവീണത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ അക്രമിസംഘം സമീപത്തെ പെട്ടിക്കടയുടെ കാറ്റാടിക്കഴ ഊരിയെടുത്ത് ഇരുവരെയും മര്‍ദിച്ചു..

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ സംഘത്തിലൊരാളാള്‍ തലയ്ക്കടിച്ചു വീഴ്ത്തിയതു കണ്ട നിധിന്‍ സംഭവം പന്തിയല്ലെന്നുകണ്ട് വന്ന ബൈക്കില്‍ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. നിധിനെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷെബീര്‍ പിറ്റേദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു.