അബുദാബി, ഖത്തർ എന്നിവിടങ്ങളിൽനിന്നു കൊറോണക്കാലത്തെ “വന്ദേഭാരത്’’ ദൗത്യത്തിന്റെ ഭാഗമായി ഗൾഫ് മലയാളികളുമായി കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ വിമാനങ്ങളുടെ പൈലറ്റുമാർ ഇരുവരും മലയാളികൾ. ഖത്തർ വിമാനം പറത്തുന്നതു കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റൻ ആൽബി തോമസ്(33), അബുദാബി വിമാനത്തിന്റെ പൈലറ്റ് എറണാകുളം സ്വദേശി ക്യാപ്റ്റൻ റിസ്വിൻ നാസർ (26). ഇരുവിമാനങ്ങളിലെയും വിമാന ജീവനക്കാർ മലയാളികൾ. 189 യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ പരമാവധി 202 പേർ ഓരോ വിമാനത്തിലുമുണ്ടാകും. യാത്രക്കാർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ ബേബി സീറ്റുകളും തൊട്ടിലും കൂട്ടിച്ചേർക്കും.
അബുദാബി വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊച്ചിയിൽനിന്നു പുറപ്പെടാൻ ഒൗദ്യോഗിക അനുമതി ലഭിച്ചു. കൊച്ചിയിൽനിന്നു നാലു മണിക്കൂറിനുള്ളിൽ എയർ ഇന്ത്യ എക്സ്പ്രസ് അബുദബിയിലെത്തും. അനുമതി ലഭിക്കേണ്ട താമസം, ഖത്തറിലേക്കുള്ള വിമാനവും കൊച്ചിയിൽനിന്നു പറന്നുയരും. ഗൾഫിലെ സുരക്ഷാ ക്രമീകരണം പൂർത്തിയാക്കിവൈകാതെ കൊച്ചിയിലേക്കു ടേക്ക് ഓഫ്.
ഇന്നലെ രാവിലെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈലറ്റുമാർക്കും എയർഹോസ്റ്റസ്, എയർ ബോയ്സ് ടീമിലെ 12 പേർക്കും കോവിഡ് പ്രാഥമിക പരിശോധന നടത്തി. കോവിഡ് കാലത്തു വിമാനയാത്രയിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതു സംബന്ധിച്ചും എറണാകുളം മെഡിക്കൽ കോളജ് ആർഎംഒ ഡോ.ഗണേഷ് മോഹൻ എം, ഡോ. മനോജ് ആന്റണി. ഡോ.ഗോകുൽ സജീവൻ, സ്റ്റാഫ് നഴ്സ് വിദ്യ എന്നിവർ നാലു മണിക്കൂർ ഇവർക്കു പരിശീലനം നൽകി. എറണാകുളം ജില്ലാ കളക്ടർ മലയാളികൾ നയിക്കുന്ന വിമാനടീമിന് ആശംസകൾ നേർന്നു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
കർക്കശ മാനദണ്ഡം പാലിച്ചായിരിക്കും പ്രവാസികളുടെ മടക്കയാത്ര. വിമാനത്തിൽ ഒന്നോ രണ്ടോ വീതം കുടിവെള്ളക്കുപ്പികൾ സീറ്റുകളിൽ ഉണ്ടാകും. യാത്രക്കാർ മാസ്ക് ധരിക്കണം. യാത്രാവേളയിൽ ആഹാര വസ്തുക്കൾ നൽകില്ല.
കോവിഡ് പ്രതിരോധ സ്യൂട്ട് ധരിച്ചാണ് പൈലറ്റുമാർ വിമാനം പറത്തുക. യാത്രക്കാർ പ്രവേശിക്കും മുൻപ് പൈലറ്റ്മാർ കോക്പിറ്റിൽ കാബിൻ അടച്ചു സുരക്ഷിതരായിരിക്കും. നാലു മണിക്കൂർ യാത്രയിൽ പൈലറ്റുമാർ കോക്ക്പിറ്റിൽനിന്നു പുറത്തിറങ്ങില്ല. എയർ ഹോസ്റ്റസുമാരും എയർ ബോയ്സും പ്രതിരോധ സ്യൂട്ട് ധരിക്കും. കൊച്ചിയിലെത്തിയാലുടൻ വിമാനം പൂർണമായി അണുവിമുക്തമാക്കിയ ശേഷമാവും വീണ്ടും ഗൾഫിലേക്കു പോവുക.
കേരള കോണ്ഗ്രസ് നേതാവ് തോമസ് കുന്നപ്പള്ളിയുടെയും എൽസമ്മയുടെയും പുത്രനാണ് ആൽബി തോമസ്. എറണാകുളം ചുള്ളിക്കൽ തറപ്പറന്പിൽ മുഹമ്മദ് നാസറിന്റെയും ജിലൂനയുടെയും പുത്രനാണ് റിസ്വിൻ.
Leave a Reply