കോവിഡ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതി ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലേക്ക് കുടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ജൂണ്‍ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം 12 വിമാനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നായി കേരളത്തിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിന് പുറത്ത് 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളുമായി നാട്ടിലെത്തും. കണക്കുകൾ പ്രകാരം ജൂൺമാസത്തിൽ പ്രവാസികളുടെ വലിയൊരു സംഘം കേരളത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടുതല്‍ പേരെ സ്വീകരിക്കാനും ഇവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറെടുക്കുന്നതിനും ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരു വിമാനത്തിൽ ശരാശരി 170 പേര്‍ എത്തിയാൽ 40,800 പേർ വന്ദേ ഭാരത് ദൗത്യം മുഖേന മാത്രം കേരളത്തിലെത്തും. പുറമെയാണ് വിവിധ കെഎംസിസി ഉൾപ്പെടെ ഒരുക്കുന്ന ചാർട്ടേ‍ഡ് വിമാനങ്ങൾ. 420 വിമാനങ്ങളിൽ ഇത് പ്രകാരം 71,000 ആളുകളും നാട്ടിലെത്തും. അതായത് ജൂൺ മാസത്തിൽ ഒന്നേക്കാൽ ലക്ഷത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്ന് മാത്രം നാട്ടിലെത്തും.

ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യത്തിന് പുറത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 1,79,294 പേരാണ് കേരളത്തിൽ എത്തിയത്. എയര്‍പോര്‍ട്ടുകൾ വഴി 43,901 പേരും കപ്പല്‍ മാര്‍ഗ്ഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും ട്രെയിന്‍ മാർഗ്ഗം 16,540 പേരും സംസ്ഥാനത്ത് ഒരുമാസത്തിനിടെ എത്തിയിട്ടുണ്ട്. ട്രെയിൻ സർവീസുകളും, പൊതുഗതാഗതവും, അന്തർ സംസ്ഥാന യാത്രകളും ഇളവുകൾക്ക് പിന്നാലെ വര്‍ദ്ധിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണവും കൂടും.

കഴിഞ്ഞ ഒരുമാസം ഉണ്ടായ പ്രവാസികളുടെ മടക്കത്തോടെ കേരളത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണവും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‌ 1029 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ കണക്ക് പരിശോധിച്ചാൽ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധന വരുമാസങ്ങളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടിവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്താണ് ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോടാണ് ചീഫ് സെക്രട്ടറി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുന്നത്. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായാണ് (സി.എഫ്.ടി.സി.) തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിക്കുക. രോഗം സ്ഥികരിച്ചവർക്ക് ഐസൊലേഷനുള്ള സൗകര്യവും, നിരീക്ഷണത്തിലുള്ളവർക്ക് വാർഡുമാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രങ്ങൾ സജ്ജമാക്കാനാണു നിർദേശം. ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുക.

കെട്ടിടം സൗജന്യമായിട്ടായിരിക്കും ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുക്കുക. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്‌സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ എന്നിവയും ഒരുക്കും.

എന്നാൽ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം പ്രതീക്ഷിച്ച വിജയമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ദൗത്യം ഒരുമാസം പിന്നിടുമ്പോൾ. നാല് ലക്ഷം മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ നാട്ടിലെത്തിയത് 22,483 പ്രവാസികൾ മാത്രം. ആകെ 133 വിമാനങ്ങളാണ് ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ് നടത്തിയത്. യുഎഇ- 12,929, സൗദി അറേബ്യ 1,500, ഒമാൻ- 3,186, ഖത്തർ- 1,770, ബഹ്റീൻ- 1,456, കുവൈത്ത്- 1,650. അതായത് നാട്ടിലേക്ക് മടങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചവരിൽ 5.6 ശതമാനത്തിന് മാത്രമാണ് ഇതുവരെ കേരളത്തിലെത്താൻ കഴിഞ്ഞത്. സർവീസുകൾ ഈ നിലയിൽ തുടർന്നാൽ ഒരു വർഷം എടുക്കും ഇപ്പോൾ രജിസ്റ്റർ ചെയ്തവർ മാത്രം നാട്ടിലെത്താൻ എന്നാണ് വിവരം.