മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.

കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്.  ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.

ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.

ബിജോ തോമസ് അടവിച്ചിറ