കോട്ടയം: മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റു. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വെച്ചാണ് അപകടം. വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറിച്ചിയിലെ ഒരു വീടിന് സമീപത്തുളള കൽക്കെട്ടിൽ മൂർഖനുണ്ടെന്ന വിവരം അറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് സ്ഥലത്ത് എത്തിയത്. മൂർഖനെ പിടികൂടി ചാക്കിലേക്കാക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കാലിന്റെ മുട്ടിന് മുകളിലായിട്ടാണ് കടിയേറ്റത്. എങ്കിലും പാമ്പിനെ വാവ സുരേഷ് സുരക്ഷിതമായി ചാക്കിലാക്കി. അതിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് തൊട്ട് മുൻപ് വരെ വാവ സുരേഷ് സംസാരിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടിച്ച മൂർഖനെ അടക്കമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. മെഡിക്കൽ കോളേജിലേക്കാണ് ആദ്യം കൊണ്ട് പോകാൻ ശ്രമിച്ചത് എങ്കിലും വഴിയിൽ വെച്ച് ഛർദ്ദിച്ചതോടെ വാവ സുരേഷ് തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഒപ്പമുളളവരോട് നിർദേശിക്കുകയായിരുന്നു. ആന്റി വെനം അടക്കം നൽകിയെങ്കിലും വാവ സുരേഷിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അദ്ദേഹം വെന്റിലേറ്ററിലാണ്. സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

മന്ത്രി വിഎൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുളളവർ വാവ സുരേഷിന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇടപെട്ടിട്ടുണ്ട്. നേരത്തെയും പല തവണ വാവ സുരേഷിന് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റിട്ടുളളതാണ്. 2020 ഫെബ്രുവരിയിൽ വാവ സുരേഷിന് അണലിയുടെ കടിയേറ്റിരുന്നു. തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരത്തെ ഒരു വീട്ടിലെ കിണറിൽ നിന്നും അണലിയെ പിടികൂടുമ്പോഴായിരുന്നു സംഭവം.