തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍, വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പറഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂര്‍ പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

പിണക്കം മാറ്റി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലൈനിലേക്ക് മടങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമാകുമെന്ന സന്ദേശവും അദ്ദേഹം നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടതായും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയതായും സൂചനകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്ന പരാതിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന പ്രചാരണവും തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഒരിക്കലും വിമത നീക്കം നടത്തിയിട്ടില്ലെന്നും സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും പാളയത്തിലെ പ്രചാരണയുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. തരൂരിനെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തിനും എഐസിസിക്കും നല്‍കിയതോടെ, നേരത്തെ അകലം പാലിച്ചിരുന്ന സംസ്ഥാന നേതാക്കളും നിലപാട് മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍. മഹാപഞ്ചായത്തിലെ അപമാനം ഫലത്തില്‍ തരൂരിന് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ ഇടം തുറന്നുകൊടുത്തുവെന്ന വിലയിരുത്തലും ശക്തമാകുന്നു.