ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്ലൈമൗത്ത് : ബോബി-ആൻ മക്ലിയോഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്ലൈമൗത്ത് സ്വദേശിയായ യുവാവ്. ഗിറ്റാറിസ്റ്റ് ആയ കോഡി അക്‌ലാൻഡ് (24) ആണ് ഇന്ന് പ്ലൈമൗത്ത് ക്രൗൺ കോടതിയിൽ വെച്ച് കുറ്റസമ്മതം നടത്തിയത്. പതിനെട്ടുകാരിയായ മക്ലിയോഡിനെ 2021 നവംബർ 20 നാണ് കാണാതായത്. നവംബർ 23 ന് നഗരത്തിനരികിലുള്ള വനപ്രദേശത്ത് നിന്ന് അവളുടെ മൃതദേഹം പോലീസ് കണ്ടെത്തി. മക്ലിയോഡും അക്‌ലൻഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. പ്ലൈമൗത്ത് ആസ്ഥാനമായുള്ള ഇൻഡി ബാൻഡായ റകുഡയിലെ ഗിറ്റാറിസ്റ്റും ഗായകനുമായിരുന്നു ആക്‌ലൻഡ്. മെയ് 19 ന് ശിക്ഷ വിധിക്കും.

കാമുകൻ ലൂയി ലീച്ചിനെ കാണാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ. മക്ലിയോഡിനെ കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്‌ലൻഡ് ആക്രമിക്കുകയായിരുന്നു. മക്ലിയോഡിന്റെ ഫോണും ബസ് ടിക്കറ്റും ഹെഡ്‌ഫോണുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി എന്നാൽ, മൂന്നു ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ എത്തി ആക്‌ലൻഡ് കുറ്റസമ്മതം നടത്തുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മക്ലിയോഡിന്റെ കുടുംബവും സുഹൃത്തുക്കളും അനുഭവിച്ച വേദന തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് ആൻഡ് ക്രൈം കമ്മീഷണർ അലിസൺ ഹെർണാണ്ടസ് പറഞ്ഞു. പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമെന്നും അക്‌ലാൻഡിനെ ഇപ്പോൾ കസ്റ്റഡിയിൽ വിടുകയാണെന്നും ജഡ്ജി റോബർട്ട് ലിൻഫോർഡ് പറഞ്ഞു.











Leave a Reply