വെള്ളപ്പൊക്ക ദുരിതമേഖലകളിലേക്കു കാരുണ്യത്തിന്റെ സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത ഇറങ്ങിച്ചെല്ലുന്നു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റി-ചാസിന്റെ നേതൃത്വത്തിലാണ് പ്രധാനമായും ദുരിതമേഖലകളിൽ ഭക്ഷണസാധനം എത്തിക്കുന്നത്. കൂടാതെ വിവിധ ഇടവകകൾ, കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം, കേരള ലേബർ മൂവ്മെന്റ്, മാതൃപിതൃവേദി, വിൻസെന്റ് ഡി പോൾ, ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുകയാണ്. അറുപത് കേന്ദ്രങ്ങളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും വെള്ളപ്പൊക്ക ദുരിതമേഖലകളും ക്യാന്പുകളും സന്ദർശിച്ചിരുന്നു. ആർച്ച്ബിഷപ്പിന്റെ നിർദേശാനുസരണം ചാസിന്റെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ തിങ്കളാഴ്ചതന്നെ ആരംഭിച്ചു.
കോട്ടയം,ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതർക്ക് ചാസിന്റെ നേതൃത്വത്തിൽ അറുപതിലധികം കേന്ദ്രങ്ങളിലൂടെയാണ് അരിയും പയറും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. ചാസിന്റെ ഗ്രാമതലയൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇടവകാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിരൂപതാതിർത്തിയിലെ സ്കൂളുകളും പാരീഷ് ഹാളുകളും ദുരിതാശ്വാസകേന്ദ്രങ്ങളായി തുറന്നുകൊടുക്കാൻ ആർച്ച്ബിഷപ് നിർദേശിച്ചിരുന്നു.
ചാസിന്റെ നേതൃത്വത്തിൽ ഇപ്പോൾതന്നെ 30 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ജയ്സൺ പോൾ വേങ്ങശ്ശേരി യുടെ നേത്രത്തിൽ പുളിങ്കുന്ന് ഇടവകയിൽ സഹായ ഹസ്തയുമായി മുന്നോട്ടു ഇറങ്ങിയത് ജാതി മത ബേധമന്യേ നാട്ടുകാർ നന്ദിയോടെ സ്വീകരിച്ചിരുന്നു…..
അതിരൂപതാതിർത്തിയിലെ ദുരിതബാധിതമല്ലാത്ത മേഖലകളിലുള്ള ഇടവകളുടെയും ചാസ് യൂണിറ്റുകളുടെയുംനേതൃത്വത്തിൽ വിഭവസമാഹരണം തുടരുകയാണ്. വെള്ളപ്പൊക്കാനന്തര പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ബോധവത്കരണ ക്ലാസുകൾക്കും മെഡിക്കൽ ക്യാന്പുകൾക്കുമായുള്ള രൂപരേഖയും തയാറാക്കി. കഴിഞ്ഞ ജൂണ്‍ മാസത്തിൽ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തോടനുബന്ധിച്ചും ചാസിന്റെയും ഇടവകകളുടെയും നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിച്ചിരുന്നു. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവരാണു നേതൃത്വം നൽകുന്നത്.
വൈ ദികരുടെ നേതൃത്വത്തിലും ഇടവകകളുടെ നേതൃത്വത്തിലും വിവിധ കോണ്‍വന്റുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈര, ചങ്ങങ്കരി, തകഴി മേഖലകളിൽ പായ്ക്കറ്റ് പാലും ബ്രഡും വിതരണം ചെയ്തു. അതിരൂപത വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഫാ.റോജൻ പുരക്കൽ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്. വിവിധ ഇടവകകളുടെയും ഭക്തസംഘടനകലുടേയും നേതൃത്വത്തിൽ മുക്കാൽ കോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇതിനകം നടന്നത്.
അതിരൂപതയുവദീപ്തി-എസ്എം വൈഎം ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്രയുടെ നേതൃത്വത്തിൽ മഹോന്ദ്രപുരം, അറുനൂറ്റിപ്പാടം, കുട്ടമംഗലം, കൈനകരി, കിടങ്ങറ, കായൽപ്പുറം മേഖലകളിൽ ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും വിതരണം ചെയ്തു.
Leave a Reply