വിഎസും കെആര്‍ ഗൗരിയമ്മയും എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു,എന്നിട്ടും ഞാൻ തോറ്റു; പിന്നീട് മത്സരിച്ചിട്ടില്ല, വെള്ളാപ്പള്ളി നടേശന്‍

വിഎസും കെആര്‍ ഗൗരിയമ്മയും എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു,എന്നിട്ടും ഞാൻ തോറ്റു; പിന്നീട് മത്സരിച്ചിട്ടില്ല, വെള്ളാപ്പള്ളി നടേശന്‍
November 22 10:26 2020 Print This Article

2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തേക്ക് വെള്ളാപ്പള്ളി നടേശന്റെ തിരിഞ്ഞ് നോട്ടം. 1962 ല്‍ നടന്ന സംഭവം പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയുന്നു.

1962 ല്‍ മാരാരിക്കുളംവടക്ക് ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റുവെന്നും പിന്നീട് രാഷ്ട്രീയ മത്സരങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

അതൊരു പ്രത്യേക ലോകമാണ്. അച്ഛന്‍ വെള്ളാപ്പള്ളി കൃഷ്ണന്‍ കേശവനും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. ആ പിന്തുടര്‍ച്ചയില്‍, സ്‌കൂളില്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ഥിയായി. സ്ഥലത്തെ പ്രധാന സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍. വിഎസും കെആര്‍ ഗൗരിയമ്മയും സുശീല ഗോപാലനും കാളിക്കുട്ടി ആശാട്ടിയും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെ എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു.

പക്ഷേ, ‘പയ്യന്‍ പഞ്ചായത്തില്‍ പോകേണ്ട’ എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റു. 16 വോട്ടിനു ഞാന്‍ തോറ്റു. അക്കാലത്ത് എനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ് പ്രായം. അക്കാലത്ത്, ഈ പ്രദേശത്ത് എന്റെ എതിര്‍സ്ഥാനാര്‍ഥിയായ സമ്പന്ന കുടുംബത്തിലെ ആള്‍ക്കെതിരെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെടുന്ന കാലമാണ്. വോട്ടു തേടി വീടുകളില്‍ കയറാന്‍ പോലും എന്നെ അനുവദിച്ചില്ല. ഓരോ വീടുകള്‍ക്കു മുന്നിലും എതിര്‍ സ്ഥാനാര്‍ഥിയുടെ ആള്‍ക്കാര്‍ കാവല്‍ നിന്നു ഞങ്ങളെ തടഞ്ഞു.

ഒടുവില്‍, വീടുകള്‍ക്കു മുന്നില്‍ ചെന്നു നിന്നു മെഗാഫോണിലൂടെ വോട്ടു തേടേണ്ട സ്ഥിതിയായി. അന്നു പോലീസ് വയര്‍ലെസ് സെറ്റുകളുമായി സ്ഥലത്തു ക്യാംപ് ചെയ്യുകയായിരുന്നു. വയര്‍ലെസ് സെറ്റുമായി പോലീസ് നില്‍ക്കുന്നത് അന്നു കൗതുകക്കാഴ്ചയായിരുന്നു. അത് എന്റെ പൊതുജീവിതത്തിലെ ആദ്യത്തെ തോല്‍വിയായിരുന്നു. അവസാനത്തെയും.

ഇപ്പോള്‍ എസ്എന്‍ഡപിയോഗം, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായി മൂന്നു തവണ എസ്എന്‍ഡിപി യോഗത്തിന്റെ മുഖ്യകാര്യനിര്‍വ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബര്‍ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് അദ്ദേഹത്തിന്റെ ജനനം. വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles