ന്യൂയോർക്ക്: യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൊണ്ടുവന്ന വിമാനം ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. മഡുറോയും ഭാര്യയും യുഎസ്സിൽ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തേ അറിയിച്ചിരുന്നു.
വെനസ്വേലയിൽ നിന്ന് പിടികൂടിയതിന് ശേഷം മഡുറോയെയും ഭാര്യയെയും ആദ്യം അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയിൽ ഗ്വാണ്ടനാമോ ബേയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം യുഎസ് സൈനികവിമാനത്തിൽ ഇരുവരെയും ന്യൂയോർക്കിലേക്ക് മാറ്റുകയായിരുന്നു. ഗ്വാണ്ടനാമോയിൽ നിന്ന് കപ്പലിലുണ്ടായിരുന്ന മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു.
സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്നു ഹെലികോപ്റ്റർ മാർഗം മാൻഹട്ടാനിലേക്ക് ഇരുവരെയും കൊണ്ടുപോകുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനത്തേക്കും പിന്നീട് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കുമാണ് മാറ്റുക. 2020-ൽ ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ ‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡുറോയേയും ഭാര്യയേയും പ്രതിചേർത്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.











Leave a Reply