മിഷിഗണ്‍ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച പതിനഞ്ച് വയസ്സുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവെയ്പ്പാണിത്.

സ്‌കൂളില്‍ ക്ലാസ്സ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റിനുള്ളില്‍ അക്രമി 15-20 തവണ വെടിയുതിര്‍ത്തതായാണ് വിവരം. ആദ്യ എമര്‍ജന്‍സി കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയുടെ മാതാപിതാക്കളുമായി സംസാരിച്ച പോലീസ് ഇയാളുടെ വീട്ടിലും പരിശോധന നടത്തി.

അക്രമിയില്‍ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിനാറ് വയസ്സുള്ള ആണ്‍കുട്ടിയും പതിനാലും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരു അധ്യാപകനും ഉണ്ട്. ഇവരില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.

യുഎസില്‍ ഈ വര്‍ഷം മാത്രം 138 സ്‌കൂള്‍ വെടിവെയ്പ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ആക്രമണങ്ങളിലായി 26 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്ത് സാധാരണക്കാരുടെ കൈവശം 400 ദശലക്ഷം തോക്കുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.