അവന്‍ വന്നു വിളിച്ചാല്‍ പോകാതിരിക്കുന്നതെങ്ങനെ; ലൂസിഫർ വിശേഷങ്ങൾ പങ്കുവച്ചു സിനിമാക്കാരുടെ സ്വന്തം പാച്ചിക്ക

അവന്‍ വന്നു വിളിച്ചാല്‍ പോകാതിരിക്കുന്നതെങ്ങനെ;  ലൂസിഫർ വിശേഷങ്ങൾ പങ്കുവച്ചു സിനിമാക്കാരുടെ സ്വന്തം പാച്ചിക്ക
March 27 08:07 2019 Print This Article

പതിനേഴ് വർഷങ്ങൾക്കു മുൻപ് പൃഥിരാജ് എന്ന പുതുമുഖനടൻ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ നിമിത്തമായൊരു സംവിധായകനുണ്ട്, ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രവാക്യങ്ങൾ രചിച്ച ഫാസിൽ. വർഷങ്ങൾക്കിപ്പുറം അതേ യുവനടൻ വളർന്ന് സൂപ്പർ സ്റ്റാർ പദവിയോളം കയ്യെത്തിതൊട്ടതിനു ശേഷം എന്നും മനസ്സിൽ കൊണ്ടുനടന്ന സംവിധാനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ എന്ന ചിത്രം പൃഥിരാജ് നാളെ മലയാളികൾക്കു മുന്നിലേക്ക് എത്തിക്കുമ്പോൾ അതൊരു തരത്തിൽ സംവിധായകൻ ഫാസിലിനു കൂടിയുള്ള ഗുരുദക്ഷിണയാണെന്നു പറയാം. സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ഗുരുവിനെയും ചേർത്തുപിടിച്ചുകൊണ്ടാണ് പൃഥിരാജ് തന്റെ ആദ്യ സംവിധാനചിത്രം മലയാളികൾക്ക് സമർപ്പിക്കുന്നത്.

കാലം തനിക്കായി കാത്തുവച്ച ചില കൗതുകനിമിഷങ്ങൾക്കു മുന്നിൽ അഭിമാനത്തോടെയും സന്തോഷത്തോടെയും നിൽക്കുകയാണ് സംവിധായകൻ ഫാസിൽ. ‘ലൂസിഫറി’ന്റെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ ‘ലൂസിഫറി’നെ കുറിച്ചുള്ള പ്രതീക്ഷയിലും ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമായിരുന്നു അദ്ദേഹം. “അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്നു പറയാൻ മാത്രം വലിയൊരു വേഷമൊന്നുമല്ല, ചെറിയൊരു റോളാണ്. എന്നാലും ‘ലൂസിഫറി’ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” ഫാസിൽ പറഞ്ഞു.

“വർഷങ്ങൾക്കു മുൻപ് പൃഥിരാജിനെ ഞാൻ ഇന്റർവ്യൂ ചെയ്തതാണ്, എന്റെ ഒരു സിനിമയ്ക്കു വേണ്ടി. ആ സബ്ജെക്ട് പക്ഷേ നടക്കാതെ പോയി. പിന്നീട് സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ എന്നോട് പൃഥിരാജിനെ കുറിച്ചു ചോദിച്ചു. ആ കുട്ടി നന്നായി വരും, നല്ല ആർട്ടിസ്റ്റാവുമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് രഞ്ജിത്ത് പൃഥിരാജിനെ നന്ദനത്തിൽ കാസ്റ്റ് ചെയ്യുന്നത്,” അദ്ദേഹം ഓർത്തെടുക്കുന്നു.

” കാലമേറെ കഴിഞ്ഞപ്പോൾ പൃഥിരാജ് ഒരിക്കൽ വീട്ടിൽ കയറി വന്നിട്ട് എന്റെ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യണം എന്നു പറഞ്ഞു. അവനോട് പറ്റില്ലെന്നു പറയുന്നതെങ്ങനെ? ഞാനാലോചിച്ചപ്പോൾ മോഹൻലാലുമുണ്ട് ചിത്രത്തിൽ. ലാലിനൊപ്പം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ’​ അഭിനയിച്ചിട്ട് 35 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ലാൽ ഉണ്ടെന്നു കേട്ടപ്പോൾ ഒരു കൗതുകവും കൂടിയായി. അങ്ങനെയാണ് ലൂസിഫറിലെത്തുന്നത്,” ഫാസിൽ കൂട്ടിച്ചേർത്തു.

” പൃഥിരാജ് വളരെ ഇൻവോൾവ്ഡ് ആയിരുന്നു ‘ലൂസിഫറി’ൽ. ഞാനൊരു സംവിധായകൻ എന്ന നിലയിൽ നിരീക്ഷിക്കുമ്പോൾ, പൃഥിയുടെ സ്റ്റൈൽ ഓഫ് ടേക്കിംഗ് ഒക്കെ നല്ലതാണ്. സ്ക്രിപ്റ്റ് കൂടെ സപ്പോർട്ട് ചെയ്താൽ ഇത് വലിയൊരു പടമായി മാറും എന്നാണ് എനിക്ക് അന്ന് തോന്നിയത്, ട്രെയിലർ കാണുമ്പോഴും ആ പ്രതീക്ഷയുണ്ട്,” പൃഥിരാജിലെ സംവിധായകനെ ഫാസിൽ നിരീക്ഷിക്കുന്നത് ഇങ്ങനെ.

‘ലൂസിഫറി’ൽ മാത്രമല്ല പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാറി’ലും ഫാസിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശന്റെ സ്നേഹപൂർവ്വമുള്ള ക്ഷണമാണ് തന്നെ ‘മരക്കാറി’ലെത്തിച്ചതെന്നും ഫാസിൽ പറഞ്ഞു. “ലൂസിഫറിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷമാണ് പ്രിയൻ വിളിച്ചത്. ‘ലൂസിഫറി’ലെ എന്റെ പോർഷൻ പ്രിയൻ എടുത്തുകണ്ടെന്നു തോന്നുന്നു. ‘മരക്കാറി’ൽ അഞ്ചാറു ദിവസത്തെ വർക്ക് ഉണ്ടായിരുന്നു. ‘മരക്കാർ’ തിയേറ്ററുകളിലെത്താൻ ഇനിയും സമയം എടുക്കും.”

.കൂടുതൽ സിനിമകളിൽ ഇനിയും പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോ?

അഭിനയിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. പക്ഷേ, മലയാളത്തിൽ ഇറങ്ങുന്ന സിനിമകളൊക്കെ ജനം കാണും മുൻപെ തിയേറ്ററുകളിൽ നിന്നും പോവുന്ന ഒരു അവസ്ഥയല്ലേ നിലവിലുള്ളത്. നൂറു പടങ്ങൾ ഇറങ്ങിയാൽ 97 പടങ്ങളും ആളുകൾ കാണും മുൻപ് തിയേറ്ററുകളിൽ നിന്നും പോവുകയാണ്. മലയാളസിനിമയിൽ ഒരു ട്രെൻഡോ ട്രെൻഡ് മേക്കറോ വരണം, തുടർച്ചയായി ഹിറ്റ് പടങ്ങൾ വരണം, അപ്പോൾ മാത്രമേ ഈ അവസ്ഥ മാറൂ. നിങ്ങൾ മാധ്യമങ്ങൾ തന്നെ ഒരു സെൻസസ് എടുത്തു നോക്കൂ, തിയേറ്ററിൽ ആള് കയറാതെ, കളിക്കാൻ പറ്റാതെ പോവുന്ന പടങ്ങളുടെ എണ്ണം എത്രയോ കൂടുതലാണ്. അതിന്റെ പാർട്ട് ആവേണ്ട എന്നാഗ്രഹിക്കുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles