എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.
ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.
വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.
അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.
ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.
ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…
Leave a Reply