സോഷ്യൽമീഡിയയിലെ രസകരമായ വീഡിയോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയും അവതാരകയുമായ ദീപ്തിയും. ഇരുവരും കഴിഞ്ഞദിവസം വിൻഡേജ് ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോയുമായി സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരോട് സംവദിക്കുന്ന പ്രതികരണം പരിപാടിയുടെ പഴയ കാല മാതൃകയുമായാണ് ദമ്പതികൾ സോഷ്യൽമീഡിയയിലെത്തിയത്.

രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലുമുണ്ട്. ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുന്നതാണ് വീഡിയോ. ദമ്പതികളുടെ എനർജറ്റിക്കായ പ്രകടനത്തെ വാഴ്ത്തിയവരോട് നന്ദി പറയാനും ഇരുവരും മടിച്ചില്ല. ഇതിനിടെ വിധുവിനും ദീപ്തിക്കും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേർത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.

  ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല; നിലനിൽക്കില്ലെന്ന പ്രതികരണവുമായി അഭിഭാഷകൻ കാളീശ്വരം രാജ്

മുമ്പ് പങ്കുവെച്ച വീട്ടിലെ പുതിയ നായക്കുട്ടിയുടെ വീഡിയോകളെ കുറിച്ചും ദീപ്തിയും വിധുവും വാചാലരാകുന്നുണ്ട്. അത് തങ്ങളുടെ സ്വന്തമല്ലെന്നും ബംഗളുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ദീപ്തി പറയുന്നു. ലോക്ഡൗൺ കാലം തുടങ്ങിയതു തൊട്ട് ഇരുവരും വ്യത്യസ്തങ്ങളായ വീഡിയോയുമായി എത്തുന്നത് പതിവാണ്.