ഗോപിക. എസ്

സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന്‌ ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??

ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.

ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.

ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോപിക. എസ്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം