തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്ന് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടത്. ം . തമിഴ്നാട്ടിലെ സേതൂര്‍ ഗ്രാമത്തില്‍ തന്റെ പേരിലുളള 50 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഉയരുന്നത്.
സര്‍വീസ് ചട്ടമനുസരിച്ച് ഉദ്യോഗസ്ഥന്മാര്‍ കൈവശമുളളതോ, നേടിയതോ, പാട്ടത്തിനെടുത്തതോ ആയ എല്ലാ സ്വത്തുക്കളുടെയും വിവരങ്ങള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തണം. ടെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജേക്കബ് തോമസിന്റെയും കൊച്ചിയിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടേയും പേരിലാണ് ഭൂമി രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. ജനുവരി ഒന്നിന് ജേക്കബ് തോമസ് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.

33 വ്യക്തികളില്‍ നിന്ന് രണ്ടു ഭാഗമായാണ് 50 ഏക്കര്‍ ജേക്കബ് തോമസ് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2001 നവംബര്‍ 15നാണ് രജിസ്ട്രേഷന്‍ നടത്തിയത്. സേതൂര്‍ സബ് രജിസ്ട്രാര്‍ നല്‍കിയ ബാധ്യതാ പത്രിക പ്രകാരം ഭൂമി ഇപ്പോഴും ജേക്കബ് തോമസിന്റെ കൈവശം തന്നെയാണുള്ളത്. ജേക്കബ് തോമസ് നല്‍കിയ വിവരങ്ങളനുസരിച്ച് കേരളത്തിന് പുറത്തുള്ള ഏക വസ്തു ഭാര്യയുടെ പേരില്‍ കുടകിലുളള 151 ഏക്കര്‍ എസ്റ്റേറ്റാണ്. മൊത്തം 37.95 കോടിയുടെ സ്വത്താണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്. ഇതുപ്രകാരം ജേക്കബ് തോമസാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ ഐപിഎസ് ഓഫിസര്‍ എന്നും പത്രം പറയുന്നു.