ഗർഭച്ഛിദ്രത്തെ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ജർമി ഹണ്ടിന്റെ അഭിപ്രായം ബ്രിട്ടണിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ വിവാദത്തിന് വഴിയൊരുക്കുന്നു. ഗർഭച്ഛിദ്രം ചെയ്യുവാനുള്ള സമയപരിധി 24 ആഴ്ചയിൽ നിന്നും 12 ആഴ്ചയായി കുറയ്ക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരമൊരു അഭിപ്രായവുമായി അദ്ദേഹം മുമ്പും രംഗത്ത് വന്നിട്ടുണ്ട്. “ഈ വിഷയത്തെ സംബന്ധിച്ചുള്ള എന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ ഞാൻ പ്രധാനമന്ത്രി ആയാൽ നിയമത്തെ മാറ്റാൻ ഒരുകാരണവശാലും ശ്രമിക്കില്ല” അദ്ദേഹം പറഞ്ഞു.

ഹണ്ടിന്റെ ഈ ഒരു വാദത്തെ വിമർശിച്ച് പലരും രംഗത്തെത്തി. എംപി ക്രിസ്ത്യൻ ജാർഡിൻ, ഹണ്ടിന്റെ ഈ അഭിപ്രായത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്.പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഒരാൾക്ക് ഇത്തരം കാഴ്ചപ്പാട് ആണ് ഉള്ളത് എന്ന കാര്യം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ അവകാശത്തെ ആക്രമിക്കുന്നതിനുപകരം വടക്കൻ അയർലണ്ടിൽ സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ടോറി പാർട്ടി പോരാടണമെന്ന് ജാർഡിൻ കൂട്ടിച്ചേർത്തു. 1967ലെ ഗർഭച്ഛിദ്ര നിയമ പ്രകാരം യുകെയിലെ ഡോക്ടർമാർക്ക് 24 ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താമായിരുന്നു. എന്നാൽ വടക്കൻ അയർലൻഡ് ഈ ഒരു നിയമത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 2017 മുതൽ 2018 വരെ 12 ഗർഭച്ഛിദ്രം മാത്രമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ച അലബാമയിലും ഗർഭച്ഛിദ്രത്തിന് വിലക്കേർപ്പെടുത്തി. ഇത് സ്ത്രീകളുടെ അവകാശത്തെ ചൂഷണം ചെയ്യുന്നു.

ലേയ്‌ല മോറോൺ ഹണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത് “ഹണ്ട്, സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തിൽ രണ്ടു പടി പിറകിൽ ആണ്.” ലേബർ പാർട്ടി എംപി ജെസ് ഫിലിപ്സും ഈ ഒരു അഭിപ്രായത്തെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇത് ശാസ്ത്രീയമായ ഒരു സംഗതിയാണെന്നും മറ്റൊരാളുടെ അഭിപ്രായങ്ങൾ ഇതിൽ നിന്നും മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ജർമി ഹണ്ടിന്റെ ഈ ഒരു അഭിപ്രായം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെയുള്ള ഒന്നായി പലരും പറയുന്നു. ഹണ്ടിന്റെ ഈ ഒരു വാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തന്നെ തിരിച്ചടി ആയേക്കാം എന്നാണ് വിലയിരുത്തൽ.