ബാർകോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു അനുമതി. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

അതേസമയം, അന്വേഷണത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഫയല്‍ കൈമാറിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണ്.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബു, മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബിജു രമേശ് ചെന്നിത്തലയ്‌ക്കും മറ്റ് നേതാക്കൾക്കുമെതിരായ ആരോപണം ആവർത്തിച്ചത്.

ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം തേടിയിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി സ്വദേശി പി.എൽ.ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ സർക്കാരിന്റെ വിശദീകരണം തേടിയത്. രമേശ് ചെന്നിത്തലക്ക് ഒരു കോടി നൽകിയെന്നാണ് ആരോപണം.