കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും വെച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ഉണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.
തന്റെ വരാനിരിക്കുന്ന സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.
അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നേരത്തെ, കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായിയിൽനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണവിശ്വാസമുണ്ട്. പോലീസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.
Leave a Reply