ലണ്ടൻ: ബാങ്കുകൾക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്യ നല്കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീൽ നൽകാൻ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാൻ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിനുവേണ്ടി മല്യ വിവിധ ബാങ്കുകൾക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടന്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുന്പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാർ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.
Leave a Reply